

"ഡേർട്ടി ബോംബ്" അക്രമണ സാധ്യത
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ ആറോളം മന്ത്രിസഭാംഗങ്ങൾ സുരക്ഷാ ഭീഷണികളെ തുടർന്ന് വാഷിങ്ടണിലെ സുരക്ഷിത സൈനിക വസതികളിലേയ്ക്ക് താമസം മാറ്റിയതായി റിപ്പോർട്ട്. ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇറാനിൽ നിന്നുള്ള ഭീഷണികൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സാധാരണയായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും പ്രതിരോധ മേഖലയിലെ ഉന്നത അധികാരികൾക്കും മാത്രമായി അനുവദിച്ചിട്ടുള്ള വസതികളിലേയ്ക്കാണ് ഇപ്പോൾ മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരും താമസം മാറിയിരിക്കുന്നത്.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുള്ളില്‍ കര്‍ശനമായ പ്രവേശന നിയന്ത്രണങ്ങളോടെയാണ് ഈ വസതികള്‍ സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകള്‍ ഉള്‍പ്പെടുന്ന ഇവയില്‍ താമസിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് വിലയിരുത്തല്‍. സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രിത പ്രവേശന സംവിധാനവും അധിക സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തടയാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം, സൈനിക വസതികള്‍ സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍, വാടക, പൊതുസൗകര്യങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തനിക്കെതിരായ വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും അതിന് പിന്നില്‍ ഇറാനാണെന്ന് സംശയിക്കുന്നതായും നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ബ്ലാഞ്ചെയും സൈനിക വസതികളിലേക്ക് താമസം മാറിയവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിലെ മറ്റ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സമാനമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സൈനിക കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. അതേസമയം, ഇറാന് വാഷിങ്ടണില്‍ ‘ഡേര്‍ട്ടി ബോംബ്’ അഥവാ റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണമോ രാസായുധ ആക്രമണമോ നടത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുതിര്‍ന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ സംബന്ധിച്ച വിശദമായ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
സൈനിക വസതികളിലേക്ക് മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ താമസം മാറുന്നത് വാഷിങ്ടണിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇത്തരം വസതികള്‍ സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്കായി ഉപയോഗിക്കുന്നതിന്റെ ചെലവ്, വാടക, സൈനിക സൗകര്യങ്ങളുടെ വിനിയോഗം എന്നിവയും പരിശോധനയ്ക്ക് വിധേയമായേക്കും. സുരക്ഷാ ഭീഷണികള്‍ നേരിടുന്ന ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.