രാസടാങ്കർ പൊട്ടിത്തെറി: ആറു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ഒൻപതു തൊഴിലാളികളെയാണ് അപകടത്തെ തുടർന്ന് കാണാതായത്
Chemical tanker explosion: Bodies of six missing workers found

രാസടാങ്കർ പൊട്ടിത്തെറി: ആറു തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Updated on

പേപ്പർ നിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന "വൈറ്റ് ലിക്കർ" എന്ന രാസമിശ്രിതം അടങ്ങിയിരുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്

വാഷിങ്ടൺ: വാഷിങ്ടണിലെ പേപ്പർഫാക്റ്ററിയിൽ രാസടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഒൻപതു തൊഴിലാളികളെയാണ് അപകടത്തെ തുടർന്ന് കാണാതായത്. ഇനിയും മൂന്നു തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നും ലോങ് വ്യൂ ഫയർ ചീഫ് ബ്രാഡ് ഹാനിങ് അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇത് അടുത്ത കാലത്തെ വാഷിങ്ടൺ സംസ്ഥാന ചരിത്രത്തിലെ വൻ അപകടമാണെന്നും സംസ്ഥാന അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോങ് വ്യൂ നഗരത്തിലെ നിപ്പോൾ ഡൈനാവേവ് എന്ന പേപ്പർമില്ലിൽ രാസടാങ്കർ പൊട്ടിയത്.

പേപ്പർ നിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന "വൈറ്റ് ലിക്കർ" എന്ന രാസമിശ്രിതം അടങ്ങിയിരുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ മില്ലിന്‍റെ വലിയൊരു ഭാഗം തകർന്നതായി അധികൃതർ പറഞ്ഞു. സ്ഫോടനത്തിനു ശേഷം രണ്ട് തൊഴിലാളികളെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും പിന്നീട് അവർ മരിച്ചു.

തെരച്ചിലിൽ ആറു മൃതദേഹങ്ങളും തൊഴിലാളികൾ സാധാരണയായി ഒത്തു ചേരുന്ന ഒരു വിശ്രമ മേഖലയിലാണ് കണ്ടെത്തിയതെന്ന് ലോങ് വ്യൂ ഫയർ ബറ്റാലിയൻ ചീഫ് മാൾട്ട് ആമോസ് പറഞ്ഞു. ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. ആ സമയത്ത് തൊഴിലാളികൾ അവിടെ കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com