ഒഹായോ ഗവർണർ സ്ഥാനാർഥിയ്ക്കു നേരെ ആക്രമണ ശ്രമം: പ്രതി അറസ്റ്റിൽ

തെരഞ്ഞെടുപ്പു വേളകളിൽ സ്ഥാനാർഥികൾക്കെതിരേയുള്ള ആക്രമണങ്ങളും വധശ്രമങ്ങളും യുഎസിൽ പതിവാണ്.
Amy Acton

ആമി ആക്റ്റൺ

Updated on

യംഗ്സ്റ്റൗണ്‍: ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആമി ആക്റ്റണെതിരേ ആയുധധാരിയുടെ ആക്രമണം. ഞായറാഴ്ച കാന്‍ഫീല്‍ഡ് ഫെയറില്‍ നടന്ന സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാന്‍ഫീല്‍ഡ് സ്വദേശിയായ പാട്രിക് ഹാവസ് (38) അറസ്റ്റിലായതായി മഹോണിങ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ആക്റ്റണിന് പരുക്കേറ്റിട്ടില്ല.

യംഗ്സ്റ്റൗണിന് സമീപമുള്ള കാന്‍ഫീല്‍ഡില്‍ നടക്കുന്ന വാര്‍ഷിക കാന്‍ഫീല്‍ഡ് ഫെയറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മഹോണിങ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടെന്റില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹാവസ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് അവിടേക്ക് എത്തിയത്. ടെന്റിലേക്ക് പ്രവേശിക്കുന്നതിനിടെ ഇയാള്‍ ജനക്കൂട്ടത്തിനിടയിലൂടെ ബലംപ്രയോഗിച്ച് മുന്നേറാന്‍ ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു.

ആക്റ്റണിന്‍റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ ഹാവസിനെ തടഞ്ഞു. ഇതിനിടെയാണ് രണ്ട് പേര്‍ നിലത്തേക്ക് വീണത്. പരുക്കേറ്റവരില്‍ ഒരാളെ സഹായിക്കുന്നതിനായി ആക്റ്റണ്‍ സംഭവസ്ഥലത്ത് തന്നെ തുടരുകയും ചെയ്തതായി ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ എന്‍ബിസി ന്യൂസുമായി പങ്കുവച്ച ചിത്രത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഹാവസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളില്‍നിന്ന് രണ്ട് കൈത്തോക്കുകളും ബ്രാസ് നക്കിള്‍സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇയാളുടെ കൈവശം ടേസറും ഉണ്ടായിരുന്നുവെന്ന് ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ വ്യക്തമാക്കി. എന്നാല്‍ ആയുധങ്ങളൊന്നും ഇയാള്‍ പുറത്തെടുക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ക്രമസമാധാന ലംഘനം, ആക്രമണക്കുറ്റം എന്നീ വകുപ്പുകളിലായി രണ്ട് കേസുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഹാവസിനെ മഹോണിങ് കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com