നേപ്പാളിൽ ജർമൻ പർവതാരോഹകൻ 20,000 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു

6,812 മീറ്റർ (22,349 അടി) ഉയരമുള്ള കൊടുമുടിയിൽ ഈ പർവതാരോഹണ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്
Ama Dablam Peak

അമാ ദബ്ലം കൊടുമുടി

Updated on: 

കാഠ്മണ്ഡു: നേപ്പാളിലെ അമാ ദബ്ലം കൊടുമുടി വിജയകരമായി കീഴടക്കിയ ജർമൻ പർവതാരോഹകൻ ഇറങ്ങുന്നതിനിടെ വീണ് മരിച്ചു. 6,812 മീറ്റർ (22,349 അടി) ഉയരമുള്ള കൊടുമുടിയിൽ ഈ പർവതാരോഹണ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. തിങ്കളാഴ്ചയാണ് സംഭവം.

വുൾഫ്ഗാങ് വാഷിച്ചെക് (57) എന്ന പർവതാരോഹകൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6,200 മീറ്ററോളം (20,341 അടി) ഉയരത്തിലുള്ള ക്യാംപ് മൂന്നിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. ഇറങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു സംഭവം. തുടർന്ന് ഹെലികോപ്റ്റർ സഹായത്തോടെ നടത്തിയ തെരച്ചിലിൽ 4,500 മീറ്ററോളം ഉയരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഠ്മണ്ഡുവിൽ എത്തിച്ചു.

ഒക്റ്റോബർ 25ന് വാഷിച്ചെക്കും ഗൈഡ് സോനം ലാമയും കൊടുമുടിയുടെ മുകളിൽ എത്തിയിരുന്നു. അന്നുതന്നെ വൈകിട്ട് ക്യാംപ് മൂന്നിൽ തിരിച്ചെത്തുകയും ചെയ്തു. ഇതിനുശേഷം പർവതാരോഹണത്തിന് ഉപയോഗിച്ച കടം വാങ്ങിയ ഉപകരണങ്ങൾ തിരികെ നൽകാനായി ഗൈഡ് ക്യാംപ് പരിസരത്ത് നിന്ന് അൽപസമയത്തേക്ക് മാറി. സുരക്ഷാ ഉപകരണങ്ങളുമായി അവിടെത്തന്നെ കാത്തിരിക്കാൻ വാഷിച്ചെക്കിനോട് ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. എന്നാൽ മിനിറ്റുകൾക്കകം ഗൈഡ് തിരിച്ചെത്തിയപ്പോൾ വാഷിച്ചെക്കിനെ കാണാനില്ലായിരുന്നു.

എവറസ്റ്റ് കൊടുമുടിക്ക് സമീപത്തെ ഖുംബു മേഖലയിലാണ് അമാ ദബ്ലം സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിലെ പ്രശസ്തമായ കൊടുമുടികളിലൊന്നായ ഇവിടെ കുത്തനെയുള്ളതും അപകടസാധ്യതയേറിയതുമായ മലഞ്ചെരിവുകളും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ പാതകളുമുണ്ട്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടെ പർവതാരോഹണത്തിന് അനുയോജ്യമായ കാലം.

logo
Metro Vaartha
www.metrovaartha.com