ഹമാസ് പൂർണമായും ആയുധം ഒഴിവാക്കും

ഗാസ സമാധാന പദ്ധതിയിൽ നിർണായക ധാരണയെന്ന് ട്രംപ്
Hamas will completely disarm

ഹമാസ് പൂർണമായും ആയുധം ഒഴിവാക്കും

Updated on

വാഷിങ്ടൺ: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസും ഗാസയിലെ മറ്റെല്ലാ സായുധ സംഘടനകളും പൂർണമായും ആയുധം ഒഴിവാക്കാൻ ധാരണയായതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച 20 പോയിന്‍റ് സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നിർണായക കരാറെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

കരാർ ഗാസയുടെ ഭാവിക്ക് വഴിത്തിരിവാകുമെന്ന് ട്രംപ് പറഞ്ഞു. പുതിയ പലസ്തീൻ സർക്കാരിന്‍റെ നേതൃത്വത്തിൽ ഗാസയുടെ ഭരണം പുന:സംഘടിപ്പിക്കുമെന്നും ഭീകരാക്രമണങ്ങൾക്ക് ഇനി ഗാസയെ ഉപയോഗിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇസ്രയേലിന്‍റെ സുരക്ഷയും ഉറപ്പാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ കരാറിന്‍റെ വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കരാർ സംബന്ധിച്ച് ഇസ്രയേലിന്‍റെയോ ഹമാസിന്‍റെയോ ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല. ബോർഡ് ഒഫ് പീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഗാസ വെടിനിർത്തൽ കരാറിന്‍റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കാനുള്ള വിശദമായ റോഡ് മാപ്പിന് ഹമാസ് സമ്മതിച്ചതായി അറിയിച്ചു.

മാസങ്ങളായുള്ള ചർച്ചകൾക്ക് ഒടുവിലാണ് ഈ ധാരണയിൽ എത്തിയതെന്നും ഹമാസ് എല്ലാ ആയുധങ്ങളും കൈവിടുന്ന നടപടികൾ പൂർത്തിയായാൽ ഇസ്രേയൽ സൈന്യം ഗാസയിൽ നിന്ന് ഘട്ടം ഘട്ടമായി പിന്മാറുമെന്നും പ്രസ്താവനയിൽ പറയുന്നു. ആയുധ നിരായുധീകരണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര സ്ഥിരതാസേനയും പുതിയ പലസ്തീൻ പൊലീസ് സേനയും ചേർന്ന് ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പങ്കിനും അദ്ദേഹം നന്ദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com