

ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ; ഇനിയും ആക്രമണങ്ങൾ വേണമെന്ന് ആഹ്വാനം
ന്യൂയോർക്ക്: വിമാനയാത്രികരെയെല്ലാം ആശങ്കയിലാഴ്ത്തിയ ഫ്ലൈ ദുബായ് ആക്രമണത്തെ പുകഴ്ത്തി ഭീകരസംഘടനയായ അൽ ഖ്വയ്ദ. യുഎസിനും ഇസ്രയേൽ വിമാനങ്ങൾക്കും എതിരേ സമാനമായ ആക്രമണങ്ങൾ നടത്തണം എന്നും ഭീകരസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അൽ-ബയാൻ എന്ന പേരിൽ അൽ ഖ്വയ്ദ പുറത്തിറങ്ങുന്ന പ്രതിവാര പ്രസിദ്ധീകരണത്തിലാണ് ആഹ്വാനമുള്ളത്. ടെലിഗ്രാം ചാനലിലൂടെയാണ് ഈ പ്രസിദ്ധീകരണം പുറത്തു വിട്ടത്. അധികം വൈകാതെ ചാനൽ നീക്കം ചെയ്യപ്പെട്ടു. 2011 സെപ്റ്റംബറിൽ അൽ ഖ്വയ്ദ നടത്തിയ ആക്രമണത്തോടാണ് ഫ്ലൈ ദുബായ് ആക്രമണത്തെയും ഭീകരർ ഉപമിക്കുന്നത്. അറബി ഭാഷയിലുള്ള പ്രസിദ്ധീകരണത്തിൽ അമെരിക്കൻ, ഇസ്രയേൽ വംശജർ ഉള്ള വിമാനങ്ങൾക്കെതിരേയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. യുഎസ് സ്വദേശികളും ഇസ്രയേൽ വംശജരും ഇസ്ലാമിനെതിരേ നിൽക്കുന്ന എല്ലാവരും ആകാശത്ത് വച്ച് ആക്രമിക്കപ്പെടും, സെപ്റ്റംബർ 11നും (വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം ) സെപ്റ്റംബർ 30നും ( ഫ്ലൈ ദുബായ് ആക്രമണം) സംഭവിച്ചതു പോലെ എന്നാണ് പ്രസിദ്ധീകരണത്തിലുള്ളത്. യുഎസിനും ഇസ്രയേലിനും എതിരേ പണ്ടുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എതിരാളികൾ ഇന്നുണ്ട്. നശിച്ച അമെരിക്കൻ സാമ്രാജ്യം അവസാനിക്കുന്ന ദിവസം വരുമെന്നും പോസ്റ്റിലുണ്ട്.
ദുബായിൽ നിന്ന് ടെൽ അവൈവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ ഒമാൻ സ്വദേശിയായ പൈലറ്റാണ് അപ്രതീക്ഷിതമായി സഹ പൈലറ്റിനെ കുത്തി വിമാനം അപകടത്തിലാക്കാൻ ശ്രമിച്ചത്. ഇന്ത്യൻ വംശജനായ പൈലറ്റിന്‍റെയും യാത്രക്കാരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ആക്രമണത്തെ പരാജയപ്പെടുത്തിയത്. പിന്നീട് വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കുകയായിരുന്നു.