നൈട്രജൻ ശ്വസിപ്പിച്ച് വധ ശിക്ഷ നടപ്പാക്കി യുഎസ്; ക്രൂരമെന്ന് വിമർശകർ

പ്രത്യേക മാസ്ക് ഉപയോഗിച്ച് നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്.
കെന്നത്ത് യൂജീൻ  സ്മിത്ത്
കെന്നത്ത് യൂജീൻ സ്മിത്ത്

അറ്റ്മോർ: യുഎസിൽ ആദ്യമായി നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പിലാക്കി അലബാമ. ക്രൂരമായ കൊലപാതക രീതിയെന്നാണ് വിമർശകർ നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിൽ ക്രൂരതയില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അലബാമ. കൊലപാതകക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കെന്നത്ത് യൂജീൻ സ്മിത്തിനെയാണ് അലബാമയിലെ ജയിലിൽ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കിയത്. വ്യാഴാഴ്ച രാത്രി 8.25ന് ഇയാൾ മരണപ്പെട്ടു. പ്രത്യേക മാസ്ക് ഉപയോഗിച്ച് നൈട്രജൻ ശ്വസിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്. ഓക്സിജന്‍റെ അഭാവത്തോടെ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും.

ഇതു വരെയും യുഎസിൽ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പിലാക്കിയിരുന്നത്.

1988 മാർച്ചിൽ സെന്നെറ്റ് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സ്മിത്ത് പിടിയിലായത്. സെന്നെറ്റിന്‍റെ ഭർത്താവിന്‍റെ നിർദേശാനുസരണമായിരുന്നു കൊല. സെന്നെറ്റിന്‍റെ നെഞ്ചിൽ ആഴത്തിൽ എട്ടു പ്രാവശ്യവും കഴുത്തിൽ രണ്ടു പ്രാവശ്യവും കത്തി കുത്തിയിറക്കിയിരുന്നു. അന്വേഷണം തന്‍റെ നേർക്ക് തിരിയുന്നുവെന്ന് മനസിലായതോടെ സെന്നെറ്റിന്‍റെ ഭർത്താവ് ചാൾസ് ആത്മഹത്യ ചെയ്തു. കൊലക്കേസിലെ മറ്റൊരു പ്രതിയായ ജോൺ ഫോറസ്റ്റ് പാർക്കറിനെ 2010ൽ വിഷം കുത്തി വച്ച് വധശിക്ഷ നടപ്പിലാക്കിയിരുന്നു. 2022ൽ സ്മിത്തിന്‍റെയും ഇത്തരത്തിൽ വിഷം കുത്തി വച്ച് കൊല്ലാനായിരുന്നു ഉത്തരവ്.

എന്നാൽ വിഷം കുത്തിവയ്ക്കുന്നതിനായുള്ള പ്രത്യേക സിര കണ്ടെത്താൻ ആകാഞ്ഞതിനെത്തുടർന്ന് വധശിക്ഷ നടപ്പിലാക്കാനായില്ല. അതോടെ വധശിക്ഷയിൽ നിന്ന് ഇളവു നൽകണമെന്നാവശ്യപ്പെട്ട് സ്മിത് കോടതിയെ സമീപിച്ചു. എന്നാൽ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരേയും സ്മിത് കോടതിയിൽ പൊരുതി. അസാധാരണവും ക്രൂരവുമായ മാർഗം സ്മിത്തിൽ പരീക്ഷിക്കുകയാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും സ്മിത്തിന്‍റെ അഭിഭാഷകർ വാദിച്ചു. പക്ഷേ ഫെഡറൽ കോടതി ഈ വാദങ്ങളെല്ലാം തള്ളി. ‌ഇതോടെയാണ് നൈട്രജൻ വാതകം ശ്വസിപ്പിച്ച് സ്മിത്തിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. യുഎസിലെ മിസിസ്സിപ്പി, ഒക്ലഹോമ എന്നിവിടങ്ങളിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടിരുന്നുവെങ്കിലും നടപ്പിലാക്കിയിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com