
ദുബായ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനും യുദ്ധക്കുറ്റങ്ങളും വംശീയ കൂട്ടക്കൊലയും ആരോപിച്ച് രണ്ടു അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യുടെ തീരുമാനത്തെ അറബ് പാർലമെന്‍റ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമ സംവിധാനത്തിന്‍റെ വിജയത്തെയും രാജ്യാന്തര നിയമങ്ങളുടെയും മാനുഷിക തത്ത്വങ്ങളുടെയും ഗുരുതര ലംഘനങ്ങളെയും എടുത്തു കാട്ടുന്നതാണീ തീരുമാനമെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അറബ് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് അഹമ്മദ് അൽ യമാഹി വാർത്താ കുറിപ്പിൽ പറഞ്ഞു.
പ്രതിരോധമില്ലാത്ത പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ തുടരുന്ന മനുഷ്യത്വ വിരുദ്ധമായ നിയമ ലംഘനങ്ങളുടെ വെളിച്ചത്തിൽ ഈ തീരുമാനം കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും വംശഹത്യ നടത്തുന്നതും അധിനിവേശം തുടരുന്നതും അവസാനിപ്പിക്കാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
നെതന്യാഹുവിനും ഗാലന്‍റിനുമെതിരായി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെ പിന്തുണക്കുന്ന മുഴുവൻ ആഗോള സ്ഥാപനങ്ങൾക്കും അറബ് പാർലമെന്‍റിന്‍റെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് അൽ യമാഹി ആവർത്തിച്ചു വ്യക്തമാക്കി.
നീതി നടപ്പാക്കുന്നതിന് ഐസിസിയെ പിന്തുണയ്ക്കാൻ ലോക സമൂഹത്തോടും റോം ചട്ടത്തിൽ ഒപ്പു വച്ച രാജ്യങ്ങളോടും ഒപ്പിടാത്ത രാജ്യങ്ങളോടും അറബ് പാർലമെന്‍റ് സ്പീക്കർ അഭ്യർഥിച്ചു.