ഇനി സർക്കാരിന് വേണ്ടി കറൻസി അച്ചടിക്കണ്ട; സെൻട്രൽ ബാങ്കിനെ വിലക്കി അർജന്‍റീന

പ്രസിഡന്‍റ് ജാവിയർ മിലൈ അധികാരമേൽക്കും മുൻപേ തന്നെ സെൻട്രൽ ബാങ്കിനെ പിരിച്ചുവിടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
 Argentina bans its central bank from printing money for govt

ഇനി സർക്കാരിന് വേണ്ടി കറൻസി അച്ചടിക്കണ്ട; സെൻട്രൽ ബാങ്കിനെ വിലക്കി അർജന്‍റീന

Updated on: 

ബ്യൂണസ് അയഴ്സ്: സർക്കാരിനു വേണ്ടി പണം അച്ചടിക്കുന്നതിൽ നിന്ന് സെൻട്രൽ ബാങ്കിനെ വിലക്കി അർജന്‍റീന. അർജന്‍റീനിയൻ പെസോയാണ് രാജ്യത്തെ ‌ഔദ്യോഗിക കറൻസി. രാജ്യത്ത് പണപ്പെരുപ്പം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. വ്യാഴാഴ്ച അർജന്‍റീന കോൺഗ്രസ് 141-0 എന്ന വോട്ടോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. 99 പേരാണ് ചേംബർ ഡപ്യൂട്ടികളുടെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത്. പേസോയുടെ മൂല്യം സംരക്ഷിക്കുക എന്നതു മാത്രമായിരിക്കും ഇനി സെൻട്രൽ ബാങ്കിന്‍റെ പ്രഥമവും അടിസ്ഥാനപരവുമായ ദൗത്യം. അർജന്‍റീന സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന സൂചനകൾ വന്നതിനു പിന്നാലെയാണ് നിർണായകമായ വോട്ടെടുപ്പ് നടത്തിയത്. പ്രസിഡന്‍റ് ജാവിയർ മിലൈ അധികാരമേൽക്കും മുൻപേ തന്നെ സെൻട്രൽ ബാങ്കിനെ പിരിച്ചുവിടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

തലമുറകളോളമായി വരവിനേക്കാൾ അധികം ചെലവു ചെയ്യുന്നതാണ് അർജന്‍റീന സർക്കാരിന്‍റെ രീതി. പിന്നീട് കൂടുതൽ പണം അച്ചടിച്ച് വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് പതിവ്. ഇതു മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്.

91 വർഷം നീണ്ടു നിന്ന കൊള്ള, കവർച്ച, തകർച്ച എന്നിവയ്ക്കാണ് പുതിയ നിയമത്തിലൂടെ അറുതി വരുന്നതെന്ന് പ്രസിഡന്‍റ് മിലൈ പറയുന്നു. പുതിയ നിയമം പ്രകാരം ബാങ്ക് സർക്കാരിനോ ട്രഷറിക്കോ ഏതെങ്കിലും തരത്തിൽ പണം നൽകുന്നത് വിലക്കിയിട്ടുണ്ട്. മാത്രമല്ല മുൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്ത തൊഴിൽ, സാമ്പത്തിക വികസന ലക്ഷ്യങ്ങളും ഒഴിവാക്കി.