

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്
ടോക്കിയോ: 33 വർഷമായി അനധികൃതമായി താമസിച്ചിരുന്ന ദക്ഷിണകൊറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്ത് ജപ്പാൻ. 72 വയസുള്ള മുൻ ജോങ് ഗിയാണ് അറസ്റ്റിലായിരിക്കുന്നത്. വെറും 15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തിയ മുൻ ജോങ് പിന്നീട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാതെ ജപ്പാനിൽ തന്നെ തുടരുകയായിരുന്നു. 1993 സെപ്റ്റംബറിൽ ഇളയ സഹോദരന്‍റെ പാസ്പോർട്ടിലാണ് മുൻ ജോങ് ജപ്പാനിലെത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ജോലി തേടിയാണ് മുൻ ജോങ് ജപ്പാനിലെത്തിയത്. വിസ കാലാവധി അവസാനിച്ചുവെങ്കിലും ഇനിയുള്ള കാലം ചെറിയ എന്തെങ്കിലും ജോലികൾ ചെയ്ത് ഇവിടെ തന്നെ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മുൻ ജോങ് പറയുന്നു.
അനധികൃതമായി ഒരാൾ രാജ്യത്ത് തുടരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ ജോങ്ങിനെ കണ്ടെത്തിയത്.
അനധികൃതമായി രാജ്യത്ത് തുടരുന്നതിനെ കടുത്ത ശിക്ഷയാണ് ജപ്പാൻ നൽകുന്നത്. 1990കളിൽ ജപ്പാനിൽ അനിധികൃതമായി കുടിയേറുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. രണ്ട് ലക്ഷത്തിൽ കൂടുതൽ പേരാണ് അന്യായമായി തുടർന്നിരുന്നത്. പരിശോധനയും ശിക്ഷാ നടപടികളും കർശനമാക്കിയതോടെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 68,488 ആയി കുറഞ്ഞു.