

പെഷവാർ: പാക്കിസ്ഥാനിലെ ഖൈബറിലുണ്ടായ ഭീകരാക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് സുരക്ഷാ പോസ്റ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു ആക്രമണം.തെക്കൻ വസീരിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ദരാബെനിലെ സുരക്ഷാ പോസ്റ്റിലാണ് ആക്രമണമുണ്ടായത്.
പോസ്റ്റ് വഴി കടന്നു കയറാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഭീകരർ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ചു കയറ്റിയത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
തെഹ്രിക് -ഇ- ജിഹാദ് പാക്കിസ്ഥാൻ എന്ന ഭീകര സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.