
ന്യൂയോർക്ക്: അവതാർ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് നീളും. 2025ലേക്ക് ചിത്രത്തിന്‍റെ റിലീസ് നീട്ടിയതായി വാൾട്ട് ഡിസ്നി കമ്പനി ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷമാണ് അവതാറിന്‍റെ രണ്ടാം ഭാഗം ദി വേ ഒഫ് വാട്ടർ തിയെറ്ററുകളിലെത്തിയത്. ചിത്രം വൻ ഹിറ്റായിരുന്നു.
അവതാർ മൂന്നാം ഭാഗം 2024 ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. 2029ൽ അവതാർ 4, 2031 ൽ അവതാർ 5 എന്നിങ്ങനെയാണ് റിലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2009തിലാണ് ജെയിംസ് കാമറൂൺ അവതാർ തിയെറ്ററുകളിലെത്തിച്ചത്. എന്നാൽ ചിത്രത്തിന്‍റെ 4,5 ഭാഗങ്ങൾ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്ന് കാമറൂൺ പറഞ്ഞിട്ടുണ്ട്.
അവതാർ, അവതാർ ദി വേ ഒഫ് വാട്ടർ എന്നിവ ചേർന്ന് 5.2 ബില്യൺ ഡോളറാണ് വാരിക്കൂട്ടിയത്. അവതാറിനു പുറമേ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന മറ്റു ചില ചിത്രങ്ങളുടെ റിലീസിങ് തിയതികളും ഡിസ്നി പുറത്തു വിട്ടിട്ടുണ്ട്. 2026 ൽ സ്റ്റാർ വാർസും അവഞ്ചേഴ്സ് കാങ് ഡിനാസ്റ്റിയും തിയെറ്ററുകളിലെത്തും.