

ഇസ്രയേലിനുള്ള വാർഷിക സൈനിക സഹായം യുഎസ് നിർത്തലാക്കും: ട്രംപ്
2026 അവസാനത്തോടെ ഇസ്രയേലിന് അനുവദിച്ചിട്ടുള്ള നാലു ബില്യൺ ഡോളറിന്‍റെ വാർഷിക സൈനിക സഹായം യുഎസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ ഈ വെളിപ്പെടുത്തൽ.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ നേരിട്ട കടുത്ത പരാജയത്തിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇസ്രയേലിലാകട്ടെ കഴിഞ്ഞ ഇലക്ഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് പാർട്ടി മാറിയിട്ടും ഇതുവരെ ആവശ്യമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ് നെതന്യാഹു. ഈ സാഹചര്യത്തിലാണ് ബിബിയും താനും ഒന്നിച്ചാണ് ഒരു കരാറിൽ ഏർപ്പെട്ടു എന്നും
ഇസ്രായേലിന് പണം ആവശ്യമില്ലെന്നും, ഈ ആശയം മുന്നോട്ടുവച്ചത് നെതന്യാഹുവാണെന്നും ട്രംപ് തറപ്പിച്ചു പറഞ്ഞിരിക്കുന്നത്. 2028ലെ ശരത് കാലത്തു മാത്രമേ ഈ സൈനിക സഹായം ഔദ്യോഗികമായി അവസാനിക്കൂ എന്നിരിക്കെയാണ് ഇനി ഇസ്രേയലിന് യുഎസ് സൈനിക സഹായം ആവശ്യമില്ലെന്ന് നെതന്യാഹു പരസ്യമായി പലതവണ പറഞ്ഞത്.
ഈ പ്രഖ്യാപനം കേട്ട് ഞെട്ടിയിരിക്കുകയാണ് യാഷർ പാർട്ടി ചെയർമാൻ ഗാഡി ഐസൻകോട്ട്. ഇസ്രയേൽ പ്രതിരോധ വകുപ്പ് രാജ്യത്തിലെ തന്ത്രപരമായ ബന്ധത്തിലെ മാറ്റത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നത് നെതന്യാഹുവിന്‍റെ പെരുമാറ്റം എത്രത്തോളം യഥാർഥ അപകടമാണ് സൃഷ്ടിക്കുന്നത് എന്നു കാണിക്കുന്നു എന്നാണ് ഐസൻകോട്ട് വ്യക്തമാക്കിയത്.
നെതന്യാഹുവിനെ ഇനി വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം ഇസ്രേയൽ പൗരന്മാർക്ക് ഉത്തരം നൽകണമെന്നും ഐസൻകോട്ട് പറഞ്ഞു. ട്രംപിന്‍റെ പ്രസ്താവനയെ തുടർന്ന് ഇസ്രയേലിന്‍റെ ലിബറൽ ഡെമോക്രാറ്റ്സ് പാർട്ടിയുടെ ചെയർമാൻ യെയർ ഗോലാനും നെതന്യാഹുവിനെതിരേ കടുത്ത വിമർശനം ഉയർത്തി.
ഇസ്രയേലിന്‍റെ പ്രതിരോധ ചെലവ് വളരെയധികം അനുപാതത്തിൽ എത്തിയിരിക്കുന്ന സമയത്ത് ഇസ്രയേലിന് അതിന്‍റെ ആക്രമണ ആയുധ ശേഖരം വീണ്ടും നിറയ്ക്കേണ്ടി വന്നപ്പോൾ ഇത്രയും നീണ്ട യുദ്ധത്തെ തുടർന്ന് വ്യോമപ്രതിരോധ ശേഷികൾ കുറഞ്ഞതിനു ശേഷം നെതന്യാഹു തന്‍റെ പേരിൽ മറ്റൊരു വൻ പരാജയം രേഖപ്പെടുത്തുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
യുഎസ് സഹായം നിർത്തലാക്കുന്നത് ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് കനത്ത നാശമാണെന്നും ഉത്തരവാദിത്തമുള്ള ഒരു പ്രധാനമന്ത്രി അമെരിക്കൻ സഹായം ഇല്ലാതാക്കാൻ പോരാടുമായിരുന്നില്ലെന്ന് ഗോലാൻ പറഞ്ഞു. യിസ്രയേൽ ബെയ്റ്റെനു പാർട്ടി ചെയർമാനായ അവിഗ്ഡോർ ലിബർമാൻ എക്സിൽ പോസ്റ്റ് ചെയ്തത് നെതന്യാഹുവിനുള്ള ട്രംപിന്‍റെ പിന്തുണയുടെ വിലയാണ് പ്രതിവർഷം ലഭിച്ചു കൊണ്ടിരുന്ന 3.8 ബില്യൺ ഡോളർ എന്നാണ്.
നെതന്യാഹുവിന്‍റെ ഓഫീസാകട്ടെ ഇതിനൊന്നും മറുപടി നൽകിയിട്ടുമില്ല.ഈ നീക്കം യുഎസിൽ ട്രംപിനെതിരെ ചോദ്യങ്ങളും ഉന്നയിച്ചു. പരമ്പരാഗതമായി ട്രംപിനെ പിന്തുണച്ചിരുന്ന കടുത്ത നിലപാടുകളുള്ള സയോണിസ്റ്റ് ഓർഗനൈസേഷൻ ഒഫ് അമേരിക്കയും ട്രംപിന്‍റെ നീക്കത്തെ വിമർശിച്ചു.
, “അറബ് മുസ്ലീം രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, ലെബനൻ, പലസ്തീൻ അതോറിറ്റി സ്ഥാപനം എന്നിവയ്ക്കുള്ള വാർഷിക യുഎസ് സഹായം യുഎസ് എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല” എന്ന മറുചോദ്യമുന്നയിച്ചാണ് അതിന്‍റെ പ്രസിഡന്‍റ് മോർട്ടൺ ക്ലീൻ ട്രംപിനെ വെള്ളം കുടിപ്പിക്കുന്നത്.