ഇറാന് സുരക്ഷാ ആശങ്ക! ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരം വൈകും

ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ 86കാരനായ ഖമനേയി കൊല്ലപ്പെട്ടത്
ayatollah ali khamenei funeral iran security concerns
ആയത്തുള്ള അലി ഖമീനിFile photo
Updated on

വാഷിങ്ടണ്‍: കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ആശങ്കകളും ഇറാനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സാധ്യതയും കണക്കിലെടുത്താണു സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ വൈകുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ 86കാരനായ ഖമനേയി കൊല്ലപ്പെട്ടത്. ഈ ആക്രമണമാണ് പിന്നീട് പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷത്തിന് കാരണമായത്. ഒരു മാസത്തിലേറെയായി ഖമനേയി കൊല്ലപ്പെട്ടിട്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ഇറാന്‍ അധികൃതര്‍ക്ക് ഇപ്പോഴും ഭയമാണ്. കാരണം സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ വന്‍ ജനാവലി ഒത്തുചേരാനിടയാകും. ഇതാകട്ടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കും കാരണമായി തീരും.

1989ല്‍ ആയത്തുള്ള അലി ഖമനേയിയുടെ മുന്‍ഗാമിയായ ആയത്തുള്ള റുഹുള്ള ഖമനേയിയുടെ സംസ്‌കാര ചടങ്ങിനിടെ ടെഹ്‌റാനിലേക്ക് തെരുവീഥിയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചാല്‍ ഒത്തുചേരാന്‍ സാധ്യതയുള്ള വന്‍ ജനാവലി ഏത് തരത്തിലായിരിക്കും പ്രതികരിക്കുകയെന്നതിൽ അധികൃതര്‍ക്ക് സംശയമുണ്ട്. പൊതുജന പ്രതികരണത്തെ കുറിച്ചുള്ള ആശങ്കകളാണ് സംസ്‌കാര ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 4 മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്‌കാര ചടങ്ങ് സംഘടിപ്പിക്കാന്‍ ഇറാനിലെ അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നേരത്ത് യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നതിനാല്‍ അത് ഉപേക്ഷിച്ചു.

വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദിനെ ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര സ്ഥലമായി ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തും ഇസ്രയേലില്‍ നിന്ന് വളരെ അകലെയുമായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഖമനേയിയുടെ ജന്മസ്ഥലം കൂടിയാണ്. കൂടാതെ ഷിയാ ഇസ്ലാമിന്‍റെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ഇമാം റെസ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയില്‍ മതപരമായ പ്രാധാന്യവും ഇവിടെയുണ്ട്. ഈ നഗരത്തിലുള്ള കനത്ത സുരക്ഷാ സാന്നിധ്യം ഒരു അധിക നേട്ടമായും കണക്കാക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com