

യുദ്ധഭീതി: ഒമാൻ-തുർക്കി-ഇറാൻ അടിയന്തിര ചർച്ച
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമെരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ നയതന്ത്ര ചർച്ചകളുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. വ്യാഴാഴ്ച തുർക്കി, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അരാഗ്ചി പ്രത്യേക ഫോൺ സംഭാഷണങ്ങൾ നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഹോർമൂസ് കടലിലെ നിലവിലെ സാഹചര്യങ്ങളും ഇരുപക്ഷവും വിശദമായി വിലയിരുത്തിയതായി ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നത് തടയുന്നതിനും നയതന്ത്ര മാർഗങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തേണ്ടതിന്‍റെയും നിരന്തരമായ ആശയവിനിമയം നിലനിർത്തേണ്ടതിന്‍റെയും ആവശ്യകത വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഇറാന്‍റെ തീരദേശ സൈനിക കേന്ദ്രങ്ങൾക്കു നേരെ അമെരിക്ക ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞതായി വ്യാഴാഴ്ച പുറത്തു വന്ന മറൈൻ ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഒമാന്‍റെ സമുദ്രാതിർത്തിക്കുള്ളിൽ വച്ച് മൂന്ന് അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കു നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായി യുഎസിന്‍റെ ഔദ്യോഗിക വക്താക്കൾ സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരുന്നു. കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും തൊട്ടു പിന്നാലെ അമെരിക്ക ശക്തമായ വ്യോമാക്രമണങ്ങളിലൂടെ തിരിച്ചടി നൽകുന്നുണ്ട്.
ഇതാണ് മേഖലയെ വീണ്ടും ഒരു വലിയ യുദ്ധമുഖത്തേയ്ക്ക് തള്ളി വിട്ടിരിക്കുന്നത്. ഒമാനും തുർക്കിയുമായി ഇറാൻ നടത്തുന്ന ഈ അടിയന്തിര ചർച്ചകൾ ഈ സാഹചര്യത്തിൽ യുദ്ധം തടയാൻ സഹായിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.