പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

തങ്ങളെ പാക്കിസ്ഥാനികളെന്നു വിളിക്കരുതെന്ന് മിർ യാർ ബലൂച് ഇന്ത്യൻ പൗരന്മാരും യുട്യൂബർമാരുമുൾപ്പെടുന്ന സമൂഹത്തോട് അഭ്യർഥിച്ചു.
Balochistan declare independence from pakistan

പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

Updated on

ക്വെറ്റ: പാക്കിസ്ഥാനിൽ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്. പതിറ്റാണ്ടുകൾ നീണ്ട സംഘർഷവും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും പ്രക്ഷോഭകരെ ദുരൂഹമായി കാണാതാകുന്നതും ഉയർത്തിക്കാട്ടിയാണ് ബലൂചിസ്ഥാൻ വിമോചന സേനാ (ബിഎൽഎ) നേതാവിന്‍റെ പ്രഖ്യാപനം. പുതിയ രാജ്യത്തിന് പിന്തുണ നൽകാൻ അദ്ദേഹം ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു. ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയും ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കുന്നതിനിടെയാണു ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം.

ബലൂച് ജനത അവരുടെ ദേശീയ വിധി പ്രഖ്യാപിച്ചെന്നും ലോകത്തിന് ഇനി അധികകാലം മൗനമായിരിക്കാൻ സാധിക്കില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മിർ യാർ ബലൂച് പറഞ്ഞു. തങ്ങളെ പാക്കിസ്ഥാനികളെന്നു വിളിക്കരുതെന്ന് അദ്ദേഹം ഇന്ത്യൻ പൗരന്മാരും യുട്യൂബർമാരുമുൾപ്പെടുന്ന സമൂഹത്തോട് അഭ്യർഥിച്ചു. ഞങ്ങൾ പാക്കിസ്ഥാനികളല്ല. ബലൂചിസ്ഥാനികളാണ്. പാക്കിസ്ഥാന്‍റെ സ്വന്തം ജനതയെന്നാൽ പഞ്ചാബികളാണ്. അവരൊരിക്കലും ആകാശത്തു നിന്നുള്ള ബോംബാക്രമണമോ ബലപ്രയോഗത്തിലൂടെയുള്ള അപ്രത്യക്ഷമാകലോ വംശഹത്യയോ നേരിട്ടിട്ടില്ല. പാക് അധീന ജമ്മു കശ്മീരിനെ സംബന്ധിച്ച ഇന്ത്യൻ നിലപാടിനു പിന്തുണ നൽകുന്നതായും മിർ യാർ അറിയിച്ചു.

അതേസമയം, 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' സോഷ്യൽ മീഡിയയിൽ തരംഗമായി. സ്വതന്ത്ര ബലൂചിസ്ഥാൻ ഭൂപടവും ബലൂചിസ്ഥാൻ പതാക വീശുന്ന ജനങ്ങളുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ടു.

പാക്കിസ്ഥാനിലെ ഏറ്റവും ധാതുസമ്പന്നമായ മേഖലയാണ് ഇറാൻ അതിർത്തിയോടു ചേർന്ന ബലൂചിസ്ഥാൻ. എന്നാൽ, വികസനത്തിൽ മറ്റു മേഖലകളെക്കാൾ ഏറെ പിന്നാക്കമാണ്. തങ്ങളുടെ സമ്പത്ത് ഇതര പ്രവിശ്യകൾ കൊള്ളയടിക്കുന്നുവെന്നാണ് ബലൂചികളുടെ ആരോപണം. ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ വ്യോമാക്രമണം നടത്തുമ്പോൾ ബിഎൽഎ പാക് സേനയ്ക്കെതിരേ അമ്പതോളം ആക്രമണങ്ങൾ നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com