തിലകം തൊടുന്നതിൽ വിലക്ക്; യുകെ സ്കൂളിനെതിരേ കേസുമായി ഹൈന്ദവ കുടുംബം

2025 അവസാനമായപ്പോഴാണ് സ്കൂൾ വിലക്ക് ഏർപ്പെടുത്തിയത്.
Ban on wearing a tilakam; Hindu family files case against UK school

തിലകം തൊടുന്നതിൽ വിലക്ക്; യുകെ സ്കൂളിനെതിരേ കേസുമായി ഹൈന്ദവ കുടുംബം

Updated on: 

ലണ്ടൻ: വിശ്വാസത്തിന്‍റെ ഭാഗമായുള്ള തിലക് -ചാന്ദ്‌ലോ അണിയാൻ വിലക്കേർപ്പെടുത്തിയെന്ന് ആരോപിച്ച് യുകെയിലെ സ്കൂളിനെതിരേ നിയമനടപടി സ്വീകരിച്ച് ഹൈന്ദവകുടുംബം. വെസ്റ്റ് ലണ്ടനിലെ വികാർസ് ഗ്രീൻ പ്രൈമറി സ്കൂളിനെതിരേയാണ് 9 വയസുള്ള ആൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 25000 പൗണ്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതപരമായ വിവേചനം, മനുഷ്യാവകാശ ലംഘനം എന്നിവ ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്വാമിനാരായൺ അനുയായികളാണ് കുട്ടിയുടെ കുടുംബം.

വിശ്വാസത്തിന്‍റെ ഭാഗമായി ഇവർ ചന്ദനം കൊണ്ട് ഗോപിക്കുറിയും അതിനുള്ളിൽ കുങ്കുമം കൊണ്ട് പൊട്ടും അണിയാറുണ്ട്. ഇതാണ് തിലക് ചാന്ദ്‌ലോ എന്നറിയപ്പെടുന്നത്. 2021 മുതൽ കുട്ടി സ്കൂളിൽ ഇതേ തിലകം ധരിച്ചാണ് പോയിരുന്നതെന്നും അന്നൊന്നും യാതൊരു വിലക്കും ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. 2025 അവസാനമായപ്പോഴാണ് സ്കൂൾ വിലക്ക് ഏർപ്പെടുത്തിയത്. സ്കൂളിൽ വച്ച് കുട്ടിക്ക് വിശ്വാസത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നിരുന്നുവെന്നും സ്കൂൾ കൗൺസിലിൽ നിന്ന് കുട്ടിയെ നീക്കം ചെയ്തുവെന്നും നിരവധി പരിപാടികളിൽ നിന്ന് മാറ്റിയെന്നും ആരോപണമുണ്ട്.

ഇത്തരത്തിലുള്ള ശീലങ്ങൾ തുടരണമെങ്കിൽ മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റാൻ തങ്ങളോട് സ്കൂൾ അധിക‌ൃതർ പറഞ്ഞുവെന്നും പരാതിയിലുണ്ട്. ഈ പ്രശ്നങ്ങൾ മൂലം കുട്ടി അസ്വസ്ഥനും ഉത്കണ്ഠാകുലനും ആയി. അതു കൊണ്ടു തന്നെ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റാൻ തങ്ങൾ നിർബന്ധിതരായി. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്കൂൾ ഈ ആരോപണങ്ങളെയെല്ലാം തള്ളി. ബ്രിട്ടിഷ് ഹിന്ദു സമൂഹത്തിൽ ഈ സംഭവം പ്രകോപനം സ‌ൃഷ്ടിച്ചിട്ടുണ്ട്.