

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങൾക്ക് കർശന നിർദേശം നൽകി താരിഖ് റഹ്മാൻ ഭരണകൂടം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ സംപ്രേക്ഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടഞ്ഞുള്ള കോടതി ഉത്തരവ് പത്രങ്ങളും, ഓൺലൈനുകളും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും പാലിക്കണമെന്ന് ഭരണകൂടം നിർദേശം നൽകി.
ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന കഴിഞ്ഞ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖം ബംഗ്ലാദേശ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്‍റെ നിർദേശം.
ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യരുതെന്ന് കാട്ടി 2024 ൽ ഇന്‍റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഉത്തരവിറക്കിയത് കാട്ടിയാണ് സർക്കാർ പ്രസ്ഥാവന പുറത്തിറക്കിയത്.
കുറ്റവാളിയായ കോടതി ശിക്ഷ വിധിച്ച, ഒളിവിൽ കഴിയുന്ന ഒരാളുടെ പ്രസ്താവനകളും അഭിമുഖങ്ങളും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്നതിന് ബംഗ്ലാദേശിൽ നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഈ ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് ഹസീന റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തോടെയാണ് 20 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ ബംഗ്ലാദേശ് കോടതി കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശിലെത്തി കോടതിയിൽ ഹാജരാവാനാണ് തീരുമാനമെന്നും ഹസീന വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ ഹസീനയുടെ തീരുമാനം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഹസീനയ്ക്ക് അഭയം നൽകിയതോടെ വഷളായ ഇന്ത്യ - ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ട്.