

ബലൂചിസ്ഥാനിൽ ചാവേറാക്രമണം: 30 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന് ബലൂച് ലിബറേഷൻ ആർമി
ബലൂചിസ്ഥാൻ: പാക്കിസ്ഥാനിൽ ചാവേറാക്രമണം നടത്തിയതിലൂടെ 30 സുരക്ഷാ ഉദ‍്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ കോസ്റ്റ് ഗാർഡ് ക‍്യാംപിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. ഇക്കാര‍്യം ബലൂചിസ്ഥാനിലെ വിവിധ മാധ‍്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 3ന് പ്രാദേശിക സമയം 6:32നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
അജ്മൽ എന്ന അത്താവുള്ള ചാവേറായി സ്ഫോടക വസ്തുക്കൾ അടങ്ങുന്ന ട്രക്ക് കോസ്റ്റ് ഗാർഡ് ക‍്യാംപിലേക്ക് ഇടിച്ച് കയറ്റിയെന്നും തുടർന്നാണ് വൻ സ്ഫോടനം ഉണ്ടായതെന്നും ബിഎൽഎ പറയുന്നു.
ആക്രമണത്തിന്‍റെ വിഡിയോ ഇതിനോടകം തന്നെ ബിഎൽഎയുടെ മീഡിയ വിഭാഗമായ ഹക്കൽ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്ഥാന് സ്വാതന്ത്ര‍്യം ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും ആക്രമണത്തെ പറ്റിയുള്ള ഔദ‍്യോഗിക വിവരങ്ങൾ തങ്ങളുടെ ചാനലുകൾ വഴി പുറത്തുവിടുമെന്നും ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു.