

ഉറങ്ങിക്കിടന്ന ഹിമക്കരടിയെ ഉണർത്തി; ബോട്ട് ജീവനക്കാരന് 5 ലക്ഷം രൂപ പിഴ
representative image
സ്വാൽബാർഡ്:ഹോൺ അടിച്ച് ഉറങ്ങിക്കിടന്ന ഹിമക്കരടിയെ ഉണർത്തിയ ബോട്ട് ഓപ്പറേറ്റർക്ക് 5 ലക്ഷം രൂപ (50,000 നോർവീജിയൻ ക്രോണർ) പിഴ വിധിച്ച് നോർവീജിയ. ഉത്തരധ്രുവത്തിൽ നിന്ന് 620 മൈൽ ഉള്ളിലേക്ക് മാറി സ്വാൽബാർഡിലാണ് സംഭവം. ഒരു ചെറു തടാകത്തിലൂടെ സഞ്ചരിക്കുന്നതിനിടെ തീരത്ത് ഒരു ഹിമക്കരടി ഉറങ്ങിക്കിടക്കുന്നതായി കണ്ടുവെന്നും കരടി നടക്കുന്നതു കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ബോട്ട് ഓപ്പറേറ്റർ ഹോൺ മുഴക്കിയെന്നുമാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി ശബ്ദം കേട്ട കരടി ഞെട്ടി ഉണർന്ന്, ഭയന്ന് പ്രദേശത്ത് നിന്ന് ഓടി രക്ഷപെട്ടു.
സംഭവം കണ്ടെത്തിയ പ്രാദേശിക അധികൃതർ ഇക്കാര്യം ഉടൻ തന്നെ ഗവർണർ ലാഴ്സ് ഫോസിനെ അറിയിച്ചു. സ്വാൽബോർഡ് പരിസ്ഥിതി സരക്ഷണ നിയമം പ്രകാരം ഹിമക്കരടികളെ ശല്യം ചെയ്യുന്നതും പ്രകോപിപ്പിക്കുന്നതും ആകർഷിക്കുന്നതുമെല്ലാം കുറ്റകരമാണ്. ഹിമക്കരടിയുടെ സ്വാഭാവിക ചുറ്റുപാടിൽ അതിനു സമാധാനപരമായി തുടരാൻ വേണ്ടി സന്ദർശകർ ഒരു സുരക്ഷിത അകലം പാലിക്കണമെന്നും നിയമമുണ്ട്.
താൻ നിയമം ലംഘിച്ചതായി ബോട്ട് ഓപ്പറേറ്റർ കുറ്റസമ്മതം നടത്തിയതോടെയാണ് ഗവർണർ 5 ലക്ഷം രൂപയോളം പിഴ വിധിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തു വിട്ടിട്ടില്ല. 1972 മുതൽ സ്വാൽബാർഡിൽ ഹിമക്കരടികളെ സംരക്ഷിച്ചു വരുകയാണ്. അവയെ ശല്യം ചെയ്യുന്നത് വലിയ പിഴയ്ക്ക് കാരണമാകും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2024ൽ സീലുകളോട് സമാനതയുള്ള വാൽറസ് എന്ന ജീവിയുടെ അടുത്തേക്ക് ചെന്ന സന്ദർശകന് 900 ക്രോണർ അതായത് 11500 രൂപയോളം പിഴ വിധിച്ചിരുന്നു.