
ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് -35
ടോക്കിയോ: ബ്രിട്ടിഷ് ഫൈറ്റർ ജെറ്റ് എഫ് 35 ബി ജപ്പാനിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സാങ്കേതിക തകരാർ മൂലം കേരളത്തിൽ അഞ്ച് ആഴ്ചയോളം തുടർന്ന ജെറ്റിന് വീണ്ടും സാങ്കേതിക തകരാർ നേരിടുകയായിരുന്നു. ഇതേ തുടർന്ന് കാഗോഷിമ വിമാനത്താവളത്തിൽ ജെറ്റ് അടിയന്തരമായി ഇറങ്ങി. ഇതു മൂലം നിരവധി വിമാനങ്ങൾ ലാൻഡ് ചെയ്യാൻ വൈകിയെന്നും വിമാനത്താവളം അധികൃതർ പറയുന്നു. ബ്രിട്ടന്‍റെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിന്‍റെ ഭാഗമായിരുന്നു ഈ ജെറ്റ്.
കഴിഞ്ഞ ജൂൺ 14ന് യുകെയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിനിടെ സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്നാണ് ജെറ്റ് ആദ്യം കേരളത്തിൽ ഇറങ്ങിയത്. റഡാറുകൾക്ക് കണ്ടെത്താനാകാത്ത വിമാനമെന്നാണ് യുകെ ഈ ജെറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ത്യ ഈ വിമാനത്തെ കണ്ടെത്തി താഴെയിറക്കിയതാണെന്നും അഭ്യൂഹങ്ങൾ പടർന്നിരുന്നു. തിരുവനന്തപുരത്ത് 26,000 രൂപ വാടക നൽകിയാണ് ജെറ്റ് തുടർന്നിരുന്നത്. അഞ്ച് ആഴ്ചയോളം ജെറ്റ് കേരളത്തിൽ തുടർന്നു. ഇതോടെ ജെറ്റിന്‍റെ ചിത്രമുൾപ്പെടുത്തി കേരളം ടൂറിസം പരസ്യം ഇറക്കിയിരുന്നു. കേരളത്തിൽ നിന്ന് പോകാൻ തോന്നുന്നില്ല എന്ന പരസ്യം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റി. ഇതോടെ ജെറ്റ് കേരളത്തിൽ പ്രശസ്തമായി.
5 ആഴ്ച നീണ്ട അറ്റകുറ്റപ്പണികൾക്കു ശേഷമാണ് വിമാനത്തിന് പറക്കാൻ ബ്രിട്ടിഷ് വ്യോമസേന അംഗീകാരം നൽകിയത്. എഫ്35 പോലെയുള്ള അഞ്ചാം തലമുറ സിംഗിൾ- എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം ഇത്തരത്തിൽ നിലത്തിറക്കി കിടത്തുന്നത് അസാധാരണ സംഭവമായിരുന്നു.മഴയും വെയിലുമേറ്റ് തിരുവനന്തപുരം റൺവേയിൽ കിടക്കുന്ന വിമാനത്തിനു സമീപത്തേക്കു പോലും ഇന്ത്യൻ വിദഗ്ധരെ ബ്രിട്ടൻ അടുപ്പിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ് വിമാനം പറന്നത്.