

ആന്ത്രോപിക് , ഓപ്പൺ എഐ കമ്പനികൾക്ക് സമൻസ്
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനികളായ ആന്ത്രോപിക്, ഓപ്പൺ എഐ എന്നിവയ്ക്ക് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷന്റെ സമൻസ്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എ.ഐ മോഡലുകൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വയം പ്രവർത്തിക്കുകയോ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുകയോ ചെയ്ത സംഭവങ്ങളെത്തുടർന്ന് കമ്പനികൾ വലിയ തോതിലുള്ള ജനകീയ പരിശോധന നേരിടുന്നതിനിടയിലാണ് പുതിയ നീക്കം.
സുരക്ഷാ സംഭവങ്ങൾ, സ്വകാര്യതാ നയങ്ങൾ, കമ്പനികളിലെ സുരക്ഷാ മുൻകരുതലുകൾ എന്നിവ സംബന്ധിച്ച രേഖകളാണ് എഫ്.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഭാവിയിൽ മൂന്നാം കക്ഷി സംഘടനകൾക്കും സമൻസ് അയക്കുമെന്നാണ് റിപ്പോർട്ട്.
ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാൻ
എ.ഐ സാങ്കേതികവിദ്യയുടെ വളർച്ച വളരെ വേഗത്തിലാണെന്നും അത് കർശനമായ മാനുഷിക നിയന്ത്രണത്തിന് കീഴിലായിരിക്കണമെന്നും അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങൾ ആവശ്യപ്പെടുന്നതായി വിവിധ സർവേകൾ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾക്ക് എഐ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഐ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്സ് രൂപീകരിക്കുമെന്നും അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.