causing noise, unauthorized modifications, Dubai Police fine 12,000 vehicles
അനധികൃത രൂപമാറ്റം, ശബ്ദശല്യം; ദുബായിൽ 12,000ത്തിലധികം വാഹനങ്ങൾക്ക് പിഴ

അനധികൃത രൂപമാറ്റം, ശബ്ദശല്യം; ദുബായിൽ 12,000ത്തിലധികം വാഹനങ്ങൾക്ക് പിഴ

ഉടമകൾക്ക് 10,000 ദിർഹം വരെ അധിക ഫീസ്
Published on

ദുബായ് : അമിത ശബ്ദവും ശല്യവുമുണ്ടാകത്തക്ക വിധത്തിൽ അനധികൃത കാർ പരിഷ്‌കരണങ്ങൾ നടത്തിയതിന് ഈ വർഷം ജനുവരി മുതൽ 12,000 വാഹന ഉടമകൾക്ക് ദുബായ് പൊലീസ് പിഴ ചുമത്തി. പെർമിറ്റില്ലാതെ വാഹനത്തിന്‍റെ എൻജിനിലോ ഷാസിയിലോ കാര്യമായ മാറ്റങ്ങൾ വരുത്തിയതും നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നു. രൂപമാറ്റം വരുത്തിയ, ശബ്ദ ശല്യമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആകെ 5,523 പിഴകൾ ചുമത്തി. കാറിന്‍റെ എൻജിനുകളിൽ അനധികൃത മാറ്റങ്ങൾ വരുത്തിയവർക്ക് 6,496 പിഴകളും ചുമത്തി.

ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന ഗുരുതര ട്രാഫിക് കുറ്റകൃത്യമാണെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. എമിറേറ്റിൽ നിയമ ലംഘകർ തങ്ങളുടെ പിടിച്ചെടുത്ത കാറുകൾ വിട്ടുകിട്ടുന്നതിന് 10,000 ദിർഹം വരെ ഫീസ് നൽകണം. എമിറേറ്റിലെ സ്‌മാർട് പൊലിസ് ക്യാമറകൾക്ക് അമിതമായ ശബ്ദം പിടിച്ചെടുക്കാനാകും.

എൻജിൻ സ്പീഡ് വർധിപ്പിക്കുന്ന സാങ്കേതിക വിദ്യകളോടെ വാഹനങ്ങൾ സജ്ജീകരിക്കുന്നതും, അവ ശബ്ദമുണ്ടാക്കി ജനവാസ മേഖലയിലെ താമസക്കാർക്ക് അപകടമുണ്ടാക്കുന്നതും തക്കതായ ശിക്ഷാ നടപടി നേരിടുന്ന നിയമ ലംഘനമാണെന്ന് ദുബായ് പൊലിസ് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രാഫിക് ഡയരക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂഇ മുന്നറിയിപ്പ് നൽകി.

മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com