ഇറാനെ ലക്ഷ്യം വച്ച് 1000 മിസൈലുകള്‍ സജ്ജം: ട്രംപ്

24 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണം: ഇറാന് യുഎസിന്‍റെ അന്ത്യശാസനം
1000 missiles ready to target Iran: Trump

ഇറാനെ ലക്ഷ്യം വച്ച് 1000 മിസൈലുകള്‍ സജ്ജം: ട്രംപ്

Updated on

വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യം വച്ച് 1,000 മിസൈലുകള്‍ സജ്ജമാക്കി വച്ചിട്ടുണ്ടെന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. തന്നെ വധിക്കാനുള്ള ഏതൊരു ശ്രമത്തിനും സൈനികതലത്തിലുള്ള തിരിച്ചടിയുണ്ടാകുമെന്നും ടെഹ്റാന് മുന്നറിയിപ്പ് നല്‍കി.

തന്‍റെ ജീവന് ഭീഷണിയായ കാര്യങ്ങളില്‍ ഇറാന്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടാല്‍ ഇറാനെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുമെന്നും അതിനായി അമെരിക്ക സൈനിക ഉത്തരവുകള്‍ മുന്‍കൂട്ടി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ഇറാനിലെ എല്ലാ പ്രദേശങ്ങളെയും പൂര്‍ണമായും തകര്‍ക്കാനും നശിപ്പിക്കാനും യുഎസ് സൈന്യം സജ്ജവും സന്നദ്ധവും പ്രാപ്തവുമാണെന്നും, അതിനായി ഒരു വര്‍ഷത്തെ കാലാവധി നിശ്ചയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

24 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണം: ഇറാന് യുഎസിന്‍റെ അന്ത്യശാസനം

ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും ടോള്‍ ഈടാക്കാതെ കപ്പല്‍ ഗതാഗതത്തിനായി ഹോര്‍മുസ് കടലിടുക്കിലെ എല്ലാ പാതകളും 24 മണിക്കൂറിനുള്ളില്‍ തുറന്നിടുണമെന്നും അമെരിക്ക ഇറാനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഇറാന്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നും അമെരിക്ക ആവശ്യപ്പെട്ടു. ഇക്കാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ഇറാന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമെരിക്ക മുന്നറിയിപ്പ് നല്‍കി.

നേരിട്ടും പ്രാദേശിക മധ്യസ്ഥര്‍ വഴിയും ഈ സന്ദേശം കൈമാറിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗോള എണ്ണ നീക്കത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണം വിട്ടുനല്‍കാന്‍ ഇറാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള വാണിജ്യ ടാങ്കറുകൾക്ക് നേരെ ഹോർമുസിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ നടന്നിരുന്നു. ഈ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരേ അമേരിക്ക പ്രത്യാക്രമണവും നടത്തി. തുടർന്നു ഗൾഫ് രാജ്യങ്ങളിലെ അമെരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് 24 മണിക്കൂറിനകം ഹോർമുസ് തുറക്കണമെന്ന് ഇറാന് അമെരിക്ക അന്ത്യശാസനം നൽകിയത്.

logo
Metro Vaartha
www.metrovaartha.com