കൂട്ടായ്മയാണ് ശക്തി: യുഎസ് കോൺഗ്രസിൽ ഗംഭീര പ്രസംഗവുമായി ചാൾസ് രാജാവ്|വീഡിയോ

പ്രസിഡന്‍റ് നാറ്റോയെ വിമർശിച്ച പശ്ചാത്തലത്തിൽ രാജാവിന്‍റെ നാറ്റോ അനുകൂല നിലപാട് ഏറെ ശ്രദ്ധേയമായി.
King Charles

ചാൾസ് രാജാവ്

Updated on

വാഷിങ്ടൺ: കൂട്ടായ്മയാണ് ശക്തിയെന്ന് ചാൾസ് രാജാവ്. അമെരിക്കൻ സന്ദർശനത്തിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലായിരുന്നു ചാൾസ് രാജകുമാരന്‍റെ ഈ പരാമർശം. അമെരിക്കയും ബ്രിട്ടണും തമ്മിലുള്ള ഐക്യവും പരസ്പര പങ്കാളിത്തവും ഊന്നിപ്പറഞ്ഞുള്ള പ്രസംഗമായിരുന്നു ചാൾസ് നടത്തിയത്.

കടുത്ത രാഷ്ട്രീയ ഭിന്നത പ്രകടമാകാറുള്ള യുഎസ് കോൺഗ്രസിൽ അപൂർവമായി കാണുന്ന ഐക്യത്തിന്‍റെ ദൃശ്യമായിരുന്നു ചൊവ്വാഴ്ച കണ്ടത്. രാജാവിന്‍റെ പ്രസംഗത്തെ കരഘോഷത്തോടെയാണ് കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്. ചില പരാമർശങ്ങൾ ചിരി പടർത്തുന്നതായി.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളും പൂർണമായി എത്തിയിരുന്നു. ചാൾസിന്‍റെ പ്രസംഗത്തിനിടെ ആരും ഉറങ്ങുകയോ ഇറങ്ങിപ്പോകുകയോ ചെയ്തില്ല. രാജാവിന്‍റെ പ്രസംഗം പ്രത്യാശയും ഐക്യവും നിറഞ്ഞതായിരുന്നു. രാജ്യത്തിനകത്തും പുറത്തും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ ഐക്യം ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ആവശ്യമാണെന്ന് കോൺഗ്രസിലെ പലരും അഭിപ്രായപ്പെട്ടു.

നാറ്റോയുടെ പ്രാധാന്യത്തെയും രാജാവ് എടുത്തു പറഞ്ഞു. പ്രസിഡന്‍റ് നാറ്റോയെ വിമർശിച്ച പശ്ചാത്തലത്തിൽ രാജാവിന്‍റെ നാറ്റോ അനുകൂല നിലപാട് ഏറെ ശ്രദ്ധേയമായി. നാറ്റോ സഖ്യത്തിന്‍റെ പ്രാധാന്യം രാജാവ് ശക്തമായി ചൂണ്ടിക്കാട്ടി. സംയുക്ത പ്രതിരോധത്തിനും സുരക്ഷയ്ക്കുമായി കോൺഗ്രസ് വീണ്ടും പ്രതിജ്ഞാ ബദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ പൊതുവായ മൂല്യങ്ങൾ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മാത്രമല്ല, സമൃദ്ധിക്കും അടിസ്ഥാനമാണെന്നും രാജാവ് കൂട്ടിച്ചേർത്തു.

9/11 ലെ ആക്രമണങ്ങൾക്ക് ശേഷംയുഎസ് സഖ്യകക്ഷികളെ വിളിച്ചപ്പോൾ നാറ്റോയുടെ ആർട്ടിക്കിൾ അഞ്ച് പ്രയോഗിച്ച ഏക അവസരവും അദ്ദേഹം ഓർമിപ്പിച്ചു.

"അന്ന് ഞങ്ങൾ നിങ്ങളോടൊപ്പം നിന്നു; ഇന്നും നില്‍ക്കുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ലോകത്തിലെ വിവിധ സംഘര്‍ഷ മേഖലകളിലും അതേ ഐക്യം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രയിന് പിന്തുണ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ സഭ വീണ്ടും കൈയടികളോടെ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com