ഗാസയിൽ സമാധാനം, യുദ്ധം അവസാനിച്ചു
ഗാസയിൽ സമാധാനം, യുദ്ധം അവസാനിച്ചു; ബന്ദികളെ ഉടൻ വിട്ടയയ്ക്കും, അവകാശവാദവുമായി ട്രംപ്
വാഷിങ്ടൺ: ഗാസയിൽ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ഹമാസും വൈകാതെ ബന്ദികളെ സ്വതന്ത്രരാക്കും. യുഎസ് മുന്നോട്ടു വച്ച വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദികളെ കൈമാറുന്നതെന്നാണ് ട്രംപിന്‍റെ അവകാശവാദം. യുദ്ധം അവസാനിച്ചിരിക്കുന്നു. ഇതു വളരെ പ്രത്യേകതയുള്ള സമയമാണ്. ഇക്കാര്യത്തിൽ ഇടപെടാൻ സാധിച്ചുവെന്നത് ഏറെ അഭിമാനാർഹമാണെന്നും ട്രംപ് പറഞ്ഞു. ജൂതന്മാരും മുസ്ലിങ്ങളും അറബികളും എല്ലാവരും സന്തുഷ്ടരാണ്. ഇതാദ്യമായാണ് എല്ലാവരും ഒരുമിക്കുന്നത് കാണുന്നത്. ഇസ്രയേലിനു ശേഷം ഞങ്ങൾ ഈജിപ്റ്റിലേക്കു പോകും. വെടിനിർത്തൽ ഇടപാടിനു വേണ്ടി ഒരുമിച്ച് നിന്ന എല്ലാ ലോക നേതാക്കളെയും കാണുമെന്നും ട്രംപ് കുറിച്ചു.
ഹമാസും ഇസ്രയേലും പോരടിച്ച് തളർന്നുവെന്നും ട്രംപ് പറയുന്നു. രണ്ട് വർഷം നീണ്ടും നിന്ന യുദ്ധത്തിനു ശേഷമാണ് ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചിരിക്കുന്നത്. 2023 ഒക്റ്റോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതോടെയാണ് ഗാസയിൽ സംഘർഷം ആരംഭിച്ചത്. രണ്ടു വർഷത്തിനിടെ 66,000 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു.
ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇസ്രയേൽ ഓപ്പറേഷൻ റിട്ടേണിങ് ഹോം എന്ന ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇക്കാര്യം എക്സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെ അവശേഷിക്കുന്നുവെന്ന് കരുതുന്ന 20 പേരെ ഉടൻ വിട്ടയക്കുമെന്നാണ് ഇസ്രയേലിന്‍റെ പ്രതീക്ഷ. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘം വഴിയാണ് ബന്ദിരകളെ വിട്ടയയ്ക്കുക. ഘട്ടം ഘട്ടമായാണ് ബന്ദികളെ മോചിപ്പിക്കുക.