'കുട്ടികളുമായി വരണ്ട, കയറ്റില്ല'; ഫ്രാൻസിന്‍റെ പുതിയ ട്രെയിൻ പരിഷ്കരണം വിവാദത്തിൽ

യാത്രക്കാർക്ക് പരമാവധി ശാന്തത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതെന്നും എസ്എൻസിഎഫ് പറയുന്നു.
child free train service in France in controversy

'കുട്ടികളുമായി വരണ്ട, കയറ്റില്ല'; ഫ്രാൻസിന്‍റെ പുതിയ ട്രെയിൻ പരിഷ്കരണം വിവാദത്തിൽ

Updated on

പാരിസ്: കുട്ടികൾക്ക് പ്രവേശനമില്ലാത്ത ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസിന്‍റെ പരിഷ്കരണം വിവാദത്തിൽ. ഫ്രാൻസിലെ അതിവേഗ റെയിൽ സർവീസാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. അവരുടെ പുതിയ പ്രീമിയം ക്ലാസ് ട്രെയിൻ യാത്രയുടെ പേരു തന്നെ ചൈൽഡ് ഫ്രീ ഓപ്റ്റിമം പ്ലസ് ഓപ്ഷനെന്നാണ്. കുട്ടികൾക്ക് ഈ മേഖലയിലേക്ക് പ്രവേശനമില്ലെന്ന് അർഥം. ജനുവരി 8 മുതൽ പാരിസിൽ നിന്ന് വിവിധ റൂട്ടുകളിലേക്ക് ഈ പ്രീമിയം ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രീമിയം സർവീസ് സ്വകാര്യതയും ശാന്തതയും ഇഷ്ടപ്പെടുന് യാത്രക്കാർക്കു വേണ്ടിയുള്ളതാണെന്നാണ് ഫ്രഞ്ച് റെയിൽ ഓപ്പറേറ്റർ എസ്എൻസിഎഫ് നൽകുന്ന വിശദീകരണം. തിങ്കൾ മുതൽ വെള്ളി വരെയുള്ള സർവീസിൽ വളരെ കുറച്ച് യാത്രക്കാർക്ക് മാത്രമേ ഈ ട്രെയിനിൽ യാത്ര ചെയ്യാനാകൂ. അവർക്കെല്ലാം മികച്ച കസ്റ്റമർ കെയറും ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് പരമാവധി ശാന്തത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതെന്നും എസ്എൻസിഎഫ് പറയുന്നു.

എന്നാൽ രാഷ്‌ട്രീയ നേതാക്കളും പൊതുപ്രവർത്തകരും ഒരു പോലെ ഈ നീക്കത്തെ വിമർശിക്കുന്നു. പൊതു ഗതാഗതത്തിൽ പ്രായത്തിന്‍റെ പേരിൽ വിവേചനം പാടില്ലെന്നാണ് നേതാക്കൾ പറയുന്നത്.

പാരിസ് മുതലുള്ള സാധാരണ ഫസ്റ്റ് ക്ലാസ് യാത്രക്കായി 132 യൂറോയാണ് (14358 രൂപ) ഈടാക്കാറുള്ളത്. എന്നാൽ ചൈൽഡ് ഫ്രീ ഓപ്റ്റിമം പ്ലസ് ഓപ്ഷനിൽ 180 യൂറോ (19579രൂപ)യാണ് ടിക്കറ്റ് ചാർജ്.

പ്രീമിയം യാത്രയിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത് കുടുംബങ്ങളുടെ അവകാശങ്ങളെ ഹനിക്കുമെന്നും ആരോപണം ഉയരുന്നുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്നത് സ്വാഭാവികവും സാധാരണവുമാണെന്ന് ഫ്രാൻസിലെ ചിൽഡ്രൻ ഹൈ കമ്മിഷണർ സാറാ എൽ ഹെയറി പറയുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ ഈ നീക്കത്തിന് കൈയടി ലഭിക്കുന്നുണ്ട്. കൂടുതൽ പേരും അഡൽറ്റ്സ് ഓൺലി സോണുകൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജോലി ചെയ്യുമ്പോഴായാലും വിശ്രമിക്കുമ്പോഴായാലും യാത്ര ചെയ്യുമ്പോഴായാലും പരമാവധി ശാന്തമായ അന്തരീക്ഷത്തിന് കുട്ടികൾ വിലങ്ങുതടിയാണെന്നാണ് പലരും ആരോപിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com