

ചൈനീസ് മരുഭൂമിയിൽ ഒരുങ്ങുന്ന സൈനിക സന്നാഹം.
Satellite image
ബീജിങ്: ഇന്ത്യ മുതൽ യുഎസിനെ വരെ അമ്പരപ്പിച്ചുകൊണ്ട് ചൈന തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പ്രതിരോധ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട്. ചൈനയിലെ അതിർത്തി പ്രദേശമായ സിൻജിയാങ്ങിലുള്ള വിജനമായ മരുഭൂമിയിൽ, രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ ആണവ മിസൈൽ താവളങ്ങൾക്ക് സമീപം ചൈന വൻതോതിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതായാണ് ഏറ്റവും പുതിയ ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്.
വരാനിരിക്കുന്ന ഏതെങ്കിലും സൈനിക നീക്കങ്ങളിൽ ബീജിങ്ങിന്‍റെ ദീർഘകാല തന്ത്രപരമായ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ ഈ ചിത്രങ്ങൾ ഉയർത്തുന്നുണ്ട്. പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അതിവേഗത്തിലും വൻതോതിലുമാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു സൈനിക പ്രതിസന്ധിയുണ്ടായാൽ തിരിച്ചടിക്കാനുള്ള ശേഷി വൻതോതിൽ വർധിപ്പിക്കുന്നതാണ് ചൈനയുടെ പുതിയ നീക്കം. ചൈനയുടെ പ്രധാന കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ പോലും ആണവ വ്യൂഹം സുരക്ഷിതമായി നിലനിർത്താൻ ഈ സംവിധാനങ്ങളിലൂടെ സാധിക്കും.
അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധർ പരിശോധിച്ച ഉപഗ്രഹചിത്രങ്ങൾ പ്രകാരം ചൈനയുടെ ഏറ്റവും ദൂരപരിധിയുള്ള ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന താവളങ്ങൾക്ക് സമീപമാണ് ഈ നിർമാണങ്ങൾ നടത്തുന്നത്. ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും തകർക്കാൻ ശേഷിയുള്ള മിസൈലുകളാണിവ. ആക്രമണമുണ്ടായാൽ ആണവായുധങ്ങളുടെ സുരക്ഷിതത്വവും അവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള സൗകര്യവും (Mobility) വർധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. യുഎസ് വരെ എത്താൻ മാത്രം ദൂരപരിധിയുള്ള ആണവ മിസൈലുകൾ ചൈനയുടെ പക്കലുണ്ട്.
ചൈനയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമിയിലുടനീളമായി പടർന്നുകിടക്കുന്ന 80-ലധികം വ്യത്യസ്ത സൈനിക കേന്ദ്രങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. വിക്ഷേപണ തറകൾ (Launch pads), കവചിത ബങ്കറുകൾ (Armoured bunkers), സൈനിക വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, അത്യാധുനിക കമ്യൂണിക്കേഷൻ ശൃംഖലകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയിൽ ചില കേന്ദ്രങ്ങൾ സാറ്റലൈറ്റ് ആശയവിനിമയങ്ങൾക്കും ഇലക്ട്രോണിക് യുദ്ധമുറകൾക്കുമായി ഡിസൈൻ ചെയ്തതാണെന്നും വിദഗ്ധർ കരുതുന്നു.
"ഇതുപോലൊന്ന് ഞാൻ കരിയറിൽ ഇന്നേവരെ കണ്ടിട്ടില്ല, ഇത് അസാധാരണമായ ഒരു നീക്കമാണ്," ഫെഡറേഷൻ ഓഫ് അമെരിക്കൻ സയന്‍റിസ്റ്റ്സിന്‍റെ ന്യൂക്ലിയർ ഇൻഫർമേഷൻ പ്രൊജക്റ്റ് ഡയറക്റ്റർ ഹാൻസ് ക്രിസ്റ്റെൻസൺ പറഞ്ഞു.
കിഴക്കൻ സിൻജിയാങ്ങിൽ, ഹാമി മിസൈൽ ഫീൽഡുകൾക്ക് തെക്കുപടിഞ്ഞാറായാണ് പുതിയ താവളങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള മിസൈൽ കേന്ദ്രങ്ങളിൽ നിന്ന് യഥാക്രമം 140 കിലോമീറ്ററും 230 കിലോമീറ്ററും അകലെയായി അഷ്ടഭുജ രൂപത്തിലുള്ള (Octagon-shaped) രണ്ട് വലിയ സൈനിക കോംപ്ലക്സുകൾ ചൈന നിർമിച്ചുകഴിഞ്ഞു. ഇതിന് പുറമെ ലൊപ് നൂർ (Lop Nur) ആണവ പരീക്ഷണ മേഖലയ്ക്കു സമീപം സമാനമായ മൂന്നാമതൊരു കേന്ദ്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഈ വിജനമായ പ്രദേശം വൻതോതിലുള്ള സൈനിക നിർമാണങ്ങൾക്ക് ആവശ്യമായ സ്ഥലവും കനത്ത സുരക്ഷയും നൽകുന്നു.
'ആദ്യം ആണവായുധം പ്രയോഗിക്കില്ല' (No First Use) എന്ന നയമാണ് ചൈന ഔദ്യോഗികമായി കാലങ്ങളായി പിന്തുടരുന്നത്. തങ്ങളുടെ ആണവായുധങ്ങൾ ഭീഷണികൾക്കെതിരായ പ്രതിരോധ സംവിധാനം മാത്രമാണെന്നാണ് ചൈനീസ് അധികൃതർ എപ്പോഴും പറയാറുള്ളത്. എന്നാൽ, ചൈനയുടെ ഇപ്പോഴത്തെ അസാധാരണ സൈനിക മുന്നേറ്റം ഈ നയങ്ങളിൽ മാറ്റം വരുത്തുന്നതിന്‍റെ സൂചനയാണോ എന്ന ആശങ്ക പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്.
തായ്‌വാനുമായി നിലനിൽക്കുന്ന കടുത്ത തർക്കങ്ങളും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ബീജിങ്, അത് തിരിച്ചുപിടിക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ, ചൈനയുടെ ഈ അവകാശവാദങ്ങൾ തായ്‌വാൻ തള്ളിക്കളയുകയാണ്. ഭാവിയിൽ തായ്‌വാൻ വിഷയത്തിൽ അമെരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടായാൽ, ചൈനയ്ക്ക് തങ്ങളുടെ നിലപാട് ശക്തമാക്കാൻ പുതിയ ആണവ അടിത്തറകൾ വലിയ കരുത്താകും.
ശക്തമായ മുന്നറിയിപ്പുമായി അമെരിക്ക
ചൈനയുടെ ഈ വൻ സൈനിക വിന്യാസ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, ഏഷ്യയിലെ അമെരിക്കൻ സഖ്യകക്ഷികൾ പ്രതിരോധ ചെലവുകൾ വർധിപ്പിക്കണമെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൈനയുടെ ചരിത്രപരമായ സൈനിക വളർച്ചയിലും ഈ മേഖലയിലെ വിപുലീകരണത്തിലും ശക്തമായ ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ വാഷിങ്ടൺ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
പുതിയ താവളങ്ങളുടെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് ചൈന ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ആഗോള സാങ്കേതിക-സാമ്പത്തിക മേഖലകളിൽ അമെരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന കടുത്ത മത്സരങ്ങൾക്ക് പുതിയ നീക്കം കൂടുതൽ രാഷ്ട്രീയ-സൈനിക സംഘർഷങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.