

ക്രിസ്റ്റ പൈക്ക്
നാഷ്‌വില്ലെ: യുഎസിലെ ടെന്നെസീയിൽ വധശിക്ഷ നടപ്പിലാക്കാൻ വേണ്ടി രണ്ടു തവണ മരുന്നു കുത്തി വച്ചിട്ടും അതിജീവിച്ച ക്രിസ്റ്റ പൈക്ക് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. കൊലക്കേസിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനു പിന്നാലെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ക്രിസ്റ്റയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ ഡോക്റ്റർമാർ. അസാധാരണ സാഹചര്യത്തിൽ ക്രിസ്റ്റയുടെ വധശിക്ഷ ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ട് ഗവർണർ ഉത്തരവിട്ടിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാൻ വേണ്ടി ഉപയോഗിക്കാറുള്ള മാരകമായ മരുന്നിന്‍റെ രണ്ട് ഡോസ് നൽകിയിട്ടും ക്രിസ്റ്റ അതിജീവിക്കുകയായിരുന്നു.
അവരുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ സാധിക്കില്ലെന്നും അവർ ജീവനോടെയുണ്ടെന്ന് മാത്രം പറയുന്നുവെന്നും ക്രിസ്റ്റയുടെ അഭിഭാഷകനായ റാൻഡി സ്പൈവി വ്യക്തമാക്കി. കൊല്ലാനുള്ള മരുന്ന് കുത്തി വച്ചതിനു ശേഷം മുറിയിൽ മരണം കാത്തിരുന്ന ക്രിസ്റ്റ സംസാരിക്കുന്നതും പാടുന്നതും പിന്നീട് കൂർക്കം വലിച്ച് ഉറങ്ങുന്നതും വളരെ ഹൃദയഭേദകമായ കാഴ്ചകളായിരുന്നുവെന്നും 90 മിനിറ്റോളമാണ് അവർ സ്വന്തം മരണം കാത്തിരുന്നതെന്നും സ്പൈവി പറയുന്നു. വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വന്നതോടെ ക്രിസ്റ്റയുടെ മസ്തിഷ്കത്തിന് എന്തെങ്കിലും ഗുരുതരമായ പരുക്ക് സംഭവിച്ചിട്ടുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
ആദ്യത്തെ തവണ മരുന്നു കുത്തി വച്ചിട്ടും ക്രിസ്റ്റ മരിക്കുന്നില്ലെന്ന് കണ്ടതോടെയാണ് അധികൃതർ രണ്ടാമത്തെ ഡോസും കുത്തി വയ്ക്കാൻ ശ്രമിച്ചത്. അതിനിടെ കൈയിലെ രക്തക്കുഴൽ കണ്ടെത്താൻ പാടു പെടുന്ന ജീവനക്കാർക്ക് ഇവിടെ കുത്തി നോക്കൂ എന്ന് ക്രിസ്റ്റ പറയുന്നതും വ്യക്തമാണ്. രക്തക്കുഴൽ കിട്ടുന്നില്ലെങ്കിൽ എന്‍റെ തോളിൽ മരുന്നു കുത്തി വയ്ക്കൂ എന്നും ക്രിസ്റ്റ പറഞ്ഞിരുന്നു. പെന്‍റോബാർബിറ്റൽ എന്ന മരുന്നാണ് വധശിക്ഷയ്ക്കായി ഉപയോഗിച്ചു വരുന്നത്.
വധശിക്ഷ രീതിയിലെ വീഴ്ചകളെക്കുറിച്ച് മുൻപുതന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 18ാം വയസിൽ തന്‍റെ സഹപാഠിയെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റി പൈക്കിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 19 കാരിയായ കൊളീൻ സ്ലെമ്മറാണ് കൊലചെയ്യപ്പെട്ടത്. നീണ്ട വർഷത്തെ നിയമപോരാട്ടത്തിനു ശേഷം 50ാം വയസിലാണ് ക്രിസ്റ്റി വധശിക്ഷ നേരിട്ടത്. 200 വർഷം തടവാണ് ക്രിസ്റ്റ് വിധിച്ചിരുന്നത്.