

ടെഹ്റാൻ ഡെപ്യൂട്ടി മേയർ ഹമീദ്രേസ ഘോലംസാദെ.
ടെഹ്റാൻ: ഇറാനെതിരേ ഇനി അമെരിക്കയ്ക്കു പ്രയോഗിക്കാനുള്ള ഏക മാർഗം ആണവായുധ ഉപയോഗം മാത്രമാണെന്നും മറ്റുള്ള സകല പ്രയോഗങ്ങളും പരാജയപ്പെട്ടതായും ടെഹ്റാൻ ഡെപ്യൂട്ടി മേയർ ഹമീദ്രേസ ഘോലംസാദെ.
കൂടുതൽ സൈനിക നടപടി നേരിടേണ്ടി വന്നാലും ഇറാൻ പോരാട്ടം തുടരുമെന്ന് ടെഹ്റാനിൽ ഒരു അഭിമുഖത്തിൽ ഘോഘംസാദെ പറഞ്ഞു. അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ്-ഇസ്രയേൽ ആക്രമണം ഉണ്ടായേക്കുമെന്ന് ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രണ്ടു രാജ്യങ്ങളും സംസ്കാരച്ചടങ്ങുകൾ തടസപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പൊതുജന പങ്കാളിത്തത്തിന്‍റെയും അന്താരാഷ്ട്ര അതിഥികളുടെ സാന്നിധ്യത്തിന്‍റെയും വ്യാപ്തിയെ തുടർന്ന് പിൻവാങ്ങിയതായി ഘോഘംസാദെ ആരോപിച്ചു.
ലോകത്തിലെ കപ്പൽ ഗതാഗതത്തിന്‍റെ അഞ്ചിലൊന്നു വഹിക്കുന്ന തന്ത്രപരമായി പ്രധാനപ്പെട്ട ജലപാതയായ ഹോർമൂസ് കടലിടുക്ക് ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് ടെഹ്റാൻ ഡെപ്യൂട്ടി മേയർ പറഞ്ഞു. അറുപതു ദിവസത്തിനു ശേഷം തങ്ങൾ നികുതി ചുമത്തുമെന്നും ഹോർമൂസ് കടലിടുക്കിന് അന്താരാഷ്ട്ര നിയമങ്ങൾ ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ അവസ്ഥയെ കുറിച്ച് സംസാരിച്ച ഘോഘംസാദെ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നു പറഞ്ഞു. ചർച്ചകൾ മുന്നോട്ടു നീങ്ങുന്നില്ല എന്നത് ഇറാനും യുഎസിനും വ്യക്തമായിട്ട് അറിയാമെന്നും ഇറാന്‍റെ ചർച്ചാ സംഘവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധനെന്ന നിലയിൽ ഡെപ്യൂട്ടി മേയർ പറഞ്ഞു.