എസ്കോബാറിന്‍റെ സ്വന്തം 'കൊക്കൈൻ ഹിപ്പോ'കളെ കൊന്നൊടുക്കുമെന്ന് കൊളംബിയ

ഇരുന്നൂറോളം ഹിപ്പോകളാണ് കൊളംബിയയിൽ ഉള്ളത്
Columbia to cull Escobar's cocaine hippos

എസ്കോബാറിന്‍റെ സ്വന്തം 'കൊക്കൈൻ ഹിപ്പോ'കളെ കൊന്നൊടുക്കുമെന്ന് കൊളംബിയ

Updated on

ബൊഗോട്ട: മാഫിയത്തലവൻ പാബ്ലോ എസ്കോബാർ വളർത്താൻ കൊണ്ടു വന്ന ഹിപ്പൊ പൊട്ടാമസുകളെ കൊന്നൊടുക്കാൻ തീരുമാനിച്ച് കൊളംബിയൻ സർക്കാർ. കൊക്കൈൻ ഹിപ്പോസ് എന്നാണ് ഇവയെ നാട്ടിൽ അറിയപ്പെടുന്നത്. ജനവാസമേഖലകളിൽ അലഞ്ഞു തിരിയുകയും നാട്ടുകാർക്ക് ശല്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ 80 ഹിപ്പോകളെ കൊന്നൊടുക്കാമെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇരുന്നൂറോളം ഹിപ്പോകളാണ് കൊളംബിയയിൽ ഉള്ളത്. ഇപ്പോൾ കൊന്നൊടുക്കിയില്ലെങ്കിൽ 2035നുള്ളിൽ ഇവയുടെ എണ്ണം 1000 ആയി കൂടുമെന്നാണ് നിരീക്ഷകർ പറയുന്നത്.

കൊക്കൈൻ ഹിപ്പോകളുടെ പ്രത്യുത്പാദനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് പരിസ്ഥി മന്ത്രി ഐറിൻ‌ വേലെസ് പറഞ്ഞു. എത്ര സമയം കൊണ്ടാണ് ഇവയെ കൊന്നൊടുക്കേണ്ടതെന്നതിൽ ഇനിയും വ്യക്തതയില്ല. ഇപ്പോഴവയെ കൊന്നൊടുക്കാൻ സാധിച്ചില്ലെങ്കിൽ അവയുടെ പെറ്റുപെരുകൽ തടയാൻ സാധിക്കാതെ വരുമെന്ന് ഐറിൻ പറയുന്നു. ആഫ്രിക്കയിൽ നിന്നുള്ള നാലു ഹിപ്പോകളെയാണ് 1980ൽ എസ്കോബാർ അനധികൃ‌തമായി കൊളംബിയയിലേക്ക് കൊണ്ടു വന്നത്.

തന്‍റെ സ്വകാര്യ മൃഗശാലയിൽ പാർപ്പിക്കാനായിരുന്നു ഉദ്ദേശം. അന്ന് മഗ്ദലിൻ റിവർ വാലിയോട് ചേർന്ന് ഹാസിയെൻഡ് നാപ്പോൾസിൽ നിർമിച്ച മൃഗശാലയിലാണവയെ പാർപ്പിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട ഹിപ്പോകൾ ഇപ്പോൾ അറുപതു മൈൽ ദൂരത്തിൽ വരെ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൊക്കൈൻ ഹിപ്പോകളെ അധിനിവേശ മൃഗങ്ങളായി കൊളംബിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെ സ്റ്റെറിലൈസ് ചെയ്യാനും വിദേശത്തേക്ക് കയറ്റി അയക്കാനും വരെ ശ്രമങ്ങളുണ്ടായി. പക്ഷേ അതിനായി 3.5 മില്യൺ ഡോളർ ചെലവാകുമെന്നാണ് ഏകദേശ ധാരണ. നിലവിൽ ഹിപ്പോകൾ നദികളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങി ചെല്ലുകയും വൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഹാസിയെൻഡ നാപ്പോൾസിലെ താമസക്കാർ ഹിപ്പോകളെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഗ്രാമീണരുടെ പ്രധാന വരുമാനമാർഗം തന്നെ ഹിപ്പോകളെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com