

അമെരിക്കയുടെ ആയുധ ശേഖരത്തിൽ വൻ കുറവ്: പെന്‍റഗൺ
വാഷിങ്ടൺ: യുഎസ്-ഇറാൻ യുദ്ധം മൂലം അമെരിക്കയുടെ വെടിക്കോപ്പുകളുടെയും മിസൈൽ ഉൾപ്പടെയുള്ള ആയുധശേഖരങ്ങളുടെയും ശേഖരത്തിൽ വൻ കുറവുണ്ടാക്കിയതായി പെന്‍റഗൺ ഇൻസ്പെക്റ്റർ ജനറലിന്‍റെ റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇറാനെതിരേ നടത്തുന്ന ഓപ്പറേഷൻ എപിക് ഫ്യൂറിയിൽ വൻ തോതിൽ വെടിക്കോപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് തന്ത്രപ്രധാനമായ ആയുധശേഖരത്തിൽ കുറവുണ്ടായതായും ആയുധങ്ങൾ പുന:ശേഖരിക്കുന്നതിനുള്ള വ്യവസായ അടിസ്ഥാന സൗകര്യങ്ങളിൽ തടസങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സോളിഡ് റോക്കറ്റ് മോട്ടോറുകൾ, സ്ഫോടക വസ്തുക്കൾ, പ്രൊപ്പല്ലന്‍റുകൾ തുടങ്ങിയവയുടെ നിർമാണ മേഖലയിലാണ് പ്രധാനമായും തടസങ്ങൾ നേരിടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളുടെ സംഭരണവും പുനർവിതരണവും വേഗത്തിലാക്കുന്നതിനായി സംഭരണ നടപടികളും ഉൽപാദന സമയക്രമങ്ങളും ലളിതമാക്കാനുള്ള നടപടികൾ പ്രതിരോധ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ നിർണായക അസംസ്കൃത വസ്തുക്കൾ, ഘടകങ്ങൾ, തെരഞ്ഞെടുത്ത ആയുധങ്ങൾ എന്നിവ ശേഖരിച്ചു വയ്ക്കാനും പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കി. ഓഗസ്റ്റ് 26ന് പ്രതിരോധ വകുപ്പ് ഇന്‍സ്‌പെക്റ്റര്‍ ജനറലിന് നല്‍കിയ രേഖാമൂലമുള്ള മറുപടികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരേ യുഎസ് ചെലവാക്കിയത് 33.4 ബില്യൺ ഡോളർ
ജൂൺ 29 വരെയുള്ള കണക്ക് അനുസരിച്ച് ഇറാനുമായുള്ള യുദ്ധത്തിന് അമെരിക്കയ്ക്ക് 33.4 ബില്യൺ ഡോളർ ചെലവായതായി പെന്‍റഗൺ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 22.3 ബില്യൺ ഡോളർ ഉപയോഗിച്ചത് ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും വേണ്ടിയാണെന്നും വ്യക്തമാക്കുന്നു.
ഇറാന്‍റെ ആക്രമണങ്ങളിൽ പശ്ചിമേഷ്യയിലെ അമെരിക്കൻ സൈനിക താവളങ്ങളിലെ നൂറു കണക്കിനു കെട്ടിടങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ പൂർണമായി നശിക്കുകയോ ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തതായി പെന്‍റഗൺ ഇൻസ്പെക്റ്റർ ജനറലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
മേഖലയിലെ അമെരിക്കൻ നയതന്ത്ര സ്ഥാപനങ്ങൾക്കും ഇറാന്‍റെ ആക്രമണങ്ങളിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കി. നയതന്ത്ര സ്ഥാപനങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന്‍റെ മൂല്യം 18.4 കോടി ഡോളർ വരുന്നതായാണ് കണക്ക്. ഇറാൻ യുദ്ധം തുടരുന്നതിനിടെ അമെരിക്കൻ ആയുധ ശേഖരത്തിൽ ഉണ്ടാകുന്ന സമ്മർദവും യുദ്ധച്ചെലവിലെ വൻ വർധനയും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.