

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സിറിയന്‍ സന്ദര്‍ശനത്തിനിടെ ബോംബ് സ്‌ഫോടനം
ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച രാത്രി ചെലവഴിച്ച സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ' ഫോര്‍ സീസണ്‍സ് ' എന്ന ഹോട്ടലിന് സമീപം ചൊവ്വാഴ്ച രണ്ട് ബോംബുകള്‍ പൊട്ടിത്തെറിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബാഷര്‍ അല്‍-അസദ് ഭരണകൂടം പുറത്തായതിനു ശേഷം ഒരു യൂറോപ്യന്‍ യൂണിയന്‍ രാഷ്‌ട്രത്തലവന്‍റെ സിറിയയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടിയായിരുന്നു മാക്രോണിന്‍റേത്. സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുമുമ്പാണ് ഹോട്ടലില്‍ നിന്ന് മാക്രോണ്‍ പ്രസിഡന്‍റ് കൊട്ടാരത്തില്‍ സിറിയന്‍ പ്രസിഡന്‍റ് അഹമ്മദ് അല്‍-ഷറയെ കാണാനായി പുറപ്പെട്ടത്. 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്ന രാജ്യമാണു സിറിയ.
രാജ്യത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരിക്കുകയാണ് മുന്‍ അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കൂടിയായ അഹമ്മദ് അല്‍-ഷറ. ഷറയുടെ ഭരണത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളില്‍ ഒന്നാണ് ഫ്രാന്‍സ്. സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യുഎസിനെ പ്രേരിപ്പിക്കുകയും സിറിയയ്ക്കും ഇസ്രായേലിനുമിടയില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
2012ല്‍ അസദിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ അസദ് അത് അടിച്ചമര്‍ത്തി. അടിച്ചമര്‍ത്തലിന് മറുപടിയായി ഫ്രാന്‍സ് സിറിയയുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനുശേഷം ഇപ്പോഴാണ് ഫ്രാന്‍സ് സിറിയയുമായി നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും അംബാസഡര്‍മാരെ നിയമിക്കുമെന്ന് മാക്രോണും ഷറയും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചു.