

മാഡിസൺ ഹുവാങ് (ഇടത്), ആലീസ് ഹുവാങിനൊപ്പം ജെൻസൻ ഹുവാങ് (വലത്)
വാഷിങ്ടൺ: ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങുമായുള്ള ബന്ധത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവച്ച് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്‍റെ മകൾ മാഡിസൺ ഹുവാങ് ഉൾപ്പെട്ട വിഡിയോ. 2025 മേയിൽ തായ്‌വാൻ തലസ്ഥാനമായ തായ്‌പേയിയിൽ നടന്ന അത്താഴവിരുന്നിനിടെ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. പിതാവിന്‍റെ വിവാഹേതര ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് അറിവുണ്ടായിരുന്നോ എന്ന ചോദ്യമാണ് വിഡിയോ ഉയർത്തുന്നത്.
തായ്‌വാനീസ് മാധ്യമമായ ടിവിബിഎസ് വൈറലായ വിഡിയോ വിശദമായി പരിശോധിച്ചതോടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 63കാരനായ ജെൻസൻ ഹുവാങിനൊപ്പം മകൾ മാഡിസണും അവരുടെ ഭർത്താവ് നിക്കോ കാപ്രെറ്റ്സും ചടങ്ങിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എൻവിഡിയയിൽ പ്രൊഡക്റ്റ് മാർക്കറ്റിങ് വിഭാഗം സീനിയർ ഡയറക്റ്ററായി പ്രവർത്തിക്കുന്ന മാഡിസൺ, പിതാവിനും ആലീസ് ഹുവാങിനുമൊപ്പം ചിത്രമെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയുടെ മുൻ എക്സിക്യൂട്ടീവാണ് ആലീസ് ഹുവാങ്. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍റാണെന്ന സംശയത്തെ തുടർന്ന് അമെരിക്കൻ അധികൃതർ ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ജെൻസൻ ഹുവാങ്ങുമായി ഇവർക്കുള്ള ബന്ധവും വിവാദമായിട്ടുണ്ട്.
ഹോട്ടലിന് പുറത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ ജെൻസൻ ഹുവാങ് ആലീസിന്‍റെ അരയിൽ കൈചുറ്റുന്നതും കവിളിൽ ചുംബിക്കാനായി അടുത്തേക്ക് ചായുന്നതും കാണാം. ഈ സമയം മകളും മരുമകനും സമീപത്തുണ്ടായിരുന്നു. ചടങ്ങിനിടെ മാഡിസൺ ആലീസുമായി അടുത്ത് ഇടപഴകുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.
സമൂഹ മാധ്യമങ്ങളിൽ ചർച്ച
വിഡിയോ പുറത്തുവന്നതോടെ ഹുവാങിന്‍റെ കുടുംബത്തിന് ബന്ധത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നോ എന്നതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി. കുടുംബാംഗങ്ങൾക്കെല്ലാം ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർ അത് അംഗീകരിച്ചിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ജെൻസന്‍റെ മാതാപിതാക്കൾക്കും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും വിവാഹമോചനത്തിന് അവർ അനുവദിക്കില്ലെന്നുമുള്ള തരത്തിലുള്ള പ്രതികരണങ്ങളും എക്സിൽ പ്രത്യക്ഷപ്പെട്ടു.
ആരാണ് മാഡിസൺ ഹുവാങ്?
ജെൻസൻ ഹുവാങ്ങിന്‍റെയും ലോറി ഹുവാങ്ങിന്‍റെയും മകളാണ് മാഡിസൺ ഹുവാങ്. നിലവിൽ എൻവിഡിയയിൽ പ്രൊഡക്റ്റ് മാർക്കറ്റിങ് വിഭാഗം സീനിയർ ഡയറക്റ്ററായി പ്രവർത്തിക്കുന്നു. പിതാവിന്‍റെ പിൻഗാമിയായി എൻവിഡിയയുടെ നേതൃത്വം ഏറ്റെടുക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മാഡിസണും ഉണ്ടെന്നാണ് അഭ്യൂഹങ്ങൾ.