ലോക രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഒരു മാസം കൂടി ഇളവ് അനുവദിച്ച് യുഎസ്

ഏപ്രിൽ 11 ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിനു പകരമാണിത്.
 US one more month's grace period world countries import Russian oil

ലോക രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഒരു മാസം കൂടി ഇളവ് അനുവദിച്ച് യുഎസ്

file photo

Updated on

വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഒരു മാസത്തേയ്ക്ക് കൂടി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് അമെരിക്ക. ഇറാൻ-അമെരിക്ക സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടതിനു പിന്നാലെയാണ് നേരത്തെ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമെരിക്കൻ ഭരണകൂടം ആദ്യഘട്ടത്തിൽ നീക്കിയത്. ഈ ഇളവാണ് ഒരു മാസം കൂടി ഇപ്പോൾ അമെരിക്ക നീട്ടി നൽകിയിരിക്കുന്നത്.

ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ തീരുമാനം ഏറ്റവും ഗുണകരമാണ്. ഇറാൻ-യുഎസ് സംഘർഷം ആഗോള വിപണിയിൽ സൃഷ്ടിച്ച ആഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്‍റെ സുപ്രധാനമായ ഈ നീക്കം.

അമെരിക്കൻ ട്രഷറി വകുപ്പ് പുറപ്പെടുവിച്ച ഇളവ് പ്രകാരം ഏപ്രിൽ ഏഴു മുതൽ മേയ് പതിനാറു വരെ റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങാൻ രാജ്യങ്ങൾക്ക് അനുവാദമുണ്ട്. ഏപ്രിൽ 11 ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിനു പകരമാണിത്. എന്നാൽ ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള ചർച്ചകൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് എണ്ണ ലഭ്യമാണെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായി അമെരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. റഷ്യൻ എണ്ണയുടെ ഇളവും ഞായറാഴ്ച അവസാനിക്കാനിരിക്കുന്ന ഇറാനിയൻ എണ്ണയുടെ ഇളവും അമെരിക്കൻ ഭരണകൂടം പുതുക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.

പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇറാൻ താൽക്കാലികമായി വീണ്ടും തുറന്നപ്പോൾ വെള്ളിയാഴ്ച ആഗോള എണ്ണ വില 12 ശതമാനം ഇടിഞ്ഞ് ബാരലിന് 86 ഡോളറിലെത്തി.

യുദ്ധം എട്ടാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ മിഡിൽ ഈസ്റ്റിലെ 80ലധികം എണ്ണ-വാതക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തി. ഇറാനിയൻ തുറമുഖങ്ങൾക്ക് എതിരായ അമെരിക്കൻ നാവികസേനയുടെ ഉപരോധം തുടർന്നാൽ കടലിടുക്ക് വീണ്ടും അടച്ചു പൂട്ടുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com