ഇന്ത്യയുടെ എഫ്സിആർഎ ഭേദഗതി നിയമത്തിനെതിരേ റിപ്പബ്ലിക്കൻ എംപി

നിർദിഷ്ട ഭേദഗതികൾ ഇന്ത്യ-അമെരിക്ക ഉഭയകക്ഷി ബന്ധത്തിൽ ആശങ്കയുണ്ടാക്കും: യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റൈലി മൂർ
Republican MP Riley Moore opposes India's FCRA amendment bill

ഇന്ത്യയുടെ എഫ്സിആർഎ ഭേദഗതി നിയമത്തിനെതിരേ റിപ്പബ്ലിക്കൻ എംപി റൈലി മൂർ

Updated on

വാഷിങ്ടൺ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്സിആർഎ ഭേദഗതി നിയമത്തിനെതിരേ യുഎസ് എംപി രംഗത്ത്. വിദേശത്തു നിന്നും എൻജിഒകൾ, ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസംഘടനകൾ എന്നിവയ്ക്കു ലഭിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിനെതിരേയാണ് യുഎസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റൈലി മൂർ രംഗത്തെത്തിയത്. നിർദിഷ്ട ഭേദഗതികൾ ഇന്ത്യ-അമെരിക്ക ഉഭയകക്ഷി ബന്ധത്തിൽ ആശങ്കയുണ്ടാക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പു നൽകിയത്.

വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ എംപിയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പാർട്ടി നേതാക്കളിൽ ഒരാളുമായ റൈലി മൂർ ഭേദഗതി നിയമത്തിലൂടെ സർക്കാർ, പള്ളികളുടെയും മതപരമായ ചാരിറ്റി സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ആരോപിച്ചത്. ഇത് ക്രൈസ്തവർക്കെതിരായ നീക്കമാണെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വിമർശിച്ചു.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ 2026 പ്രകാരം ഒരു സംഘടനയുടെ എഫ്സിആർ എ രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കാതെ കാലഹരണപ്പെടുകയോ ചെയ്താൽ ആ സ്ഥാപനത്തിന് ലഭിച്ച വിദേശ ഫണ്ടും അതുപയോഗിച്ച് സൃഷ്ടിച്ച ആസ്തികളും നിയന്ത്രിക്കാൻ ഡെസിഗ്നേറ്റഡ് അതോറിറ്റി എന്ന പ്രത്യേക സംവിധാനത്തെ നിയോഗിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് പ്രധാന വ്യവസ്ഥ. നിയമ ലംഘനത്തിന് നിലവിലുള്ള പരമാവധി അഞ്ചു വർഷത്തെ തടവുശിക്ഷ ഒരു വർഷമായി കുറയ്ക്കുന്നതും ഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിർദേശമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ അടുത്തയാഴ്ച ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനാണ് സാധ്യത.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 2019 മുതൽ 2022 വരെ 13, 520 സംഘടനകൾക്ക് വിദേശത്തു നിന്ന് 55,741 കോടി രൂപയുടെ സംഭാവന ലഭിച്ചു. 2026 ജൂലെ 15 വരെയുള്ള എഫ്സിആർഎ പോർട്ടൽ വിവരങ്ങൾ അനുസരിച്ച് നിലവിൽ 14,449സജീവ എഫ്സിആര്‍എ രജിസ്ട്രേഷനുകളണ് ഉള്ളത്.22,498 രജിസ്ട്രേഷനുകൾ റദ്ദാക്കപ്പെട്ടതും15,212 രജിസ്ട്രേഷനുകൾ കാലഹരണപ്പെട്ടതുമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com