ദുബായ്: സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന "ഫിറ്റസ്റ്റ് ഇൻ ദി സിറ്റി" ടർഫ് ഗെയിംസിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഒന്നാം സ്ഥാനം നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 900-ലധികം അത്‌ലറ്റുകളെ പിന്തള്ളിയാണ് അഭിമാനകരമായ നേട്ടം ജിഡിആർഎഫ്എ സ്വന്തമാക്കിയത്.
നിശ്ചിത സമയത്തിനുള്ളിൽ തുടർച്ചയായി വ്യായാമങ്ങൾ പൂർത്തിയാക്കുന്ന ഈ മത്സരത്തിൽ, അസാധാരണമായ ശാരീരികക്ഷമതയും ഏകോപനവും പ്രകടിപ്പിച്ചാണ് ജിഡിആർഎഫ്എ ടീം തിളങ്ങിയത്. ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളെ ദുബായ് ജിഡിആർഎഫ്എ മേധാവി- ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു.
ഒരു അന്താരാഷ്ട്ര വേദിയിൽ യുഎഇയുടെ പേര് ഉയർത്തിയ ചാമ്പ്യൻമാർക്ക് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. ഈ വിജയം, ശാരീരികക്ഷമതയും അർപ്പണബോധവും അന്താരാഷ്ട്ര തലത്തിൽ പ്രകടിപ്പിക്കുന്നതിൽ ജി ഡി ആർ എഫ് എ പുലർത്തുന്ന മികവ് വ്യക്തമാക്കുന്നു.