Dubai police al baraha community run
ദുബായ് പൊലീസിന്‍റെ അൽ ബറാഹ കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടുത്തത് 1200ലധികം പേർ

ദുബായ് പൊലീസിന്‍റെ അൽ ബറാഹ കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടുത്തത് 1200ലധികം പേർ

. ആശയ വിനിമയം വളർത്തിയെടുത്ത് പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
Published on

ദുബായ് : ദുബായ് പൊലീസ് പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് 'അൽ ബറാഹ കമ്മ്യൂണിറ്റി റൺ' സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,200ലധികം പേർ പങ്കെടുത്തു. ആശയ വിനിമയം വളർത്തിയെടുത്ത് പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കമ്മ്യൂണിറ്റി ഹാപിനസ് ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി, അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ റാഷിദ് മുഹമ്മദ് സാലിഹ് അൽ ഷിഹ്ഹി, ജനറൽ ഡിപാർട്മെന്‍റ് ഓഫ് ആന്‍റി നാർകോട്ടിക്‌സിലെ ഹിമായ ഇന്‍റർനാഷണൽ സെന്‍റർ ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ ഷറഫ് അൽ മഅമരി, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ പ്രസിഡന്‍റ് ഫാത്തിമ ബുജൈർ, നിരവധി ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ പങ്കെടുത്തു.

മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുക, വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, സാമൂഹിക ഐക്യം വർധിപ്പിക്കുക, സഹിഷ്ണുത, സഹവർത്തിത്വം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ റൺ കൊണ്ടുദ്ദേശിക്കുന്നതെന്ന് ലഫ്.ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.

ദുബായുടെ 'ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033'നെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി നടത്തിയത്. സാംസ്കാരികവും ബൗദ്ധികവുമായ വൈവിധ്യം ആഘോഷിക്കുന്ന സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റി, സ്പോർട്സ് ഇവന്‍റുകൾ സംഘടിപ്പിക്കുന്നതിലൂടെ സാമൂഹികമായ ഇടപഴകലിനും വിദ്യാഭ്യാസത്തിനുമുള്ള ദുബൈ പൊലിസിന്‍റെ ശക്തമായ പ്രതിബദ്ധതയാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ആറാഴ്ചക്കാലം സംഘടിപ്പിച്ച അൽ ബറാഹ കമ്മ്യൂണിറ്റി ഫോറത്തിന്‍റെ സമാപനമാണ് കമ്മ്യൂണിറ്റി റണ്ണിലൂടെ അടയാളപ്പെടുത്തിയത്. ആകെ പരിപാടികളിൽ 5,000ത്തിലധികം പേർ പങ്കെടുത്തു. എയർ റോയിംഗ്, സ്റ്റേഷണറി സൈക്ലിംഗ്, വടംവലി, പഞ്ച ഗുസ്തി ചാമ്പ്യൻഷിപ് എന്നിവയുൾപ്പെടെ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കൂടാതെ, ട്രാഫിക് സുരക്ഷയെക്കുറിച്ചും ദുബായ് പോലിസിന്‍റെ സ്മാർട്ട് ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ചും ബോധവത്കരണ ക്ലാസ്സുകളും ഉണ്ടായിരുന്നു.

ദുബായ് സ്‌പോർട്‌സ് കൗൺസിൽ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവിസസ്, ദുബായ് മീഡിയ കോർപറേഷൻ, യുഎഇ അത്‌ലറ്റിക്‌സ് ഫെഡറേഷൻ, എമിറേറ്റ്സ് പൾസ് വളണ്ടിയർ ടീം എന്നിവയുൾപ്പെടെയുള്ള പങ്കാളികളെ ദുബായ് പൊലിസ് കമാൻഡർ ഇൻ ചീഫ് പരിപാടിയുടെ സമാപനത്തിൽ ആദരിച്ചു.

logo
Metro Vaartha
www.metrovaartha.com