ദുബായ്: 2024ലെ ഇന്‍റർനാഷണൽ ഷിപ്പിംഗ് സെന്‍റർ ഡെവലപ്‌മെന്‍റ് ഇൻഡക്‌സിൽ (ഐഎസ്‌സിഡി ആഗോള തലത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി ദുബായ്. ബാൾട്ടിക് എക്‌സ്‌ചേഞ്ചും സിൻഹുവ ന്യൂസ് ഏജൻസിയും പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, തുടർച്ചയായ അഞ്ചാം വർഷവും ദുബായ് ഏറ്റവും ശക്തമായ അഞ്ചാമത്തെ അന്താരാഷ്ട്ര ഷിപ്പിംഗ് കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യ 20 റാങ്കുകളിൽ ഉൾപ്പെടുന്ന ഏക അറബ് നഗരമാണ് ദുബായ്. സൂചികയിലെ നാല് സ്ഥാനങ്ങളിൽ സിംഗപ്പൂർ, ലണ്ടൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നീ നഗരങ്ങൾ ഇടം നേടി. 2024 റിപ്പോർട്ട് ഫലങ്ങളെക്കുറിച്ചും ആഗോള ഭൂപടത്തിൽ ദുബായുടെ ശക്തമായ സമുദ്ര സ്ഥാനം ഉറപ്പിക്കുന്ന നേട്ടത്തെക്കുറിച്ചും അഭിമാനമുണ്ടെന്ന് പോർട്ട്സ്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ ബിൻ സുലായം പറഞ്ഞു.
ആഗോള സാമ്പത്തിക വെല്ലുവിളികളും വിപണിയിലെ ഏറ്റക്കുറച്ചിലുകളും വക വയ്ക്കാതെ അടുത്ത ദശകത്തിൽ ദുബായ് സാമ്പത്തിക അജണ്ട ഡി33 ന്‍റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമുദ്ര മേഖലയുടെ സംഭാവന കൂട്ടാൻ സജീവമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച 20 അന്താരാഷ്‌ട്ര സമുദ്ര കേന്ദ്രങ്ങളിൽ ദുബായ് ഏക അറബ് നഗരം എന്ന സ്ഥാനം നേടിയത് എമിറേറ്റിന്‍റെ സ്ഥിരതയുള്ള വളർച്ചയുടെയും വരുംവർഷങ്ങളിൽ പ്രധാന ആഗോള സമുദ്ര തലസ്ഥാനമെന്ന നിലയിൽ ഉയർന്നു വരുന്ന പങ്കിന്‍റെയും വ്യക്തമായ സൂചകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.