
കാണാൻ കൊള്ളാം, പക്ഷേ പുകവലി നിർത്തണമെന്ന് ഉർദുഗാൻ; ബന്ധങ്ങളെ ബാധിക്കുമെന്ന് മെലോണി
വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയോട് പുകവലി നിർത്തണമെന്നാവശ്യപ്പെട്ട് തുർക്കി പ്രസിഡന്‍റ് റിസെപ് തയ്യിപ് ഉർദുഗാൻ. ഈജിപ്റ്റിൽ ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ അനൗദ്യോഗികമായി നടത്തിയ സംഭാഷണത്തിലാണ് ഉർദുഗാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. നിങ്ങൾ വിമാനത്തിൽ നിന്നിറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു. കാണാൻ വളരെ നന്നായിട്ടുണ്ട്. പക്ഷേ നിങ്ങൾ പുകവലി നിർത്തണം. അതിനൊരു വഴി ഞാൻ കണ്ടിട്ടുണ്ട് എന്നാണ് ഉർദുഗാൻ പറയുന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ സാന്നിധ്യത്തിലാണ് ഇരുവരും സൗഹൃദസംഭാഷണം നടത്തുന്നത്.
പൊട്ടിച്ചിരിച്ചു കൊണ്ട് അക്കാര്യം സാധ്യമല്ല എന്ന് മക്രോൺ പറയുന്നതും വ്യക്തമാണ്. എനിക്കതേക്കുറിച്ച് അറിയാം, എനിക്കാരെയും കൊല്ലാൻ ആഗ്രഹമില്ല പക്ഷേ പുകവലി നിർത്തിയാൽ മറ്റുള്ളവരോടുള്ള സൗഹൃദത്തെ ബാധിക്കുമെന്നുമാണ് മെലോണി പറയുന്നത്.
ടുണീഷ്യൻ പ്രസിഡന്‍റ് കൈസ് സയീദ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളുമായുള്ള സൗഹൃദത്തിന് പുകവലി തനിക്ക് സഹായകരമായിരുന്നുവെന്ന് മെലോണി തന്‍റെ പുസ്തകങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.