

ഇന്ത്യയിൽ സ്റ്റാർലിങ്കിനു തടസം ചില ശതകോടീശ്വര വ്യവസായികൾ : മസ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്കിന്‍റെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനം ആരംഭിക്കുന്നത് ചില ശതകോടീശ്വര വ്യവസായികൾ തടസപ്പെടുത്തുന്നതായി യുഎസ് വ്യവസായ ഭീമൻ ഇലോൺ മസ്ക്. എന്നാൽ മസ്കിന്‍റെ ആരോപണം തള്ളി കേന്ദ്രം. രാജ്യത്തെ ടെലികോം, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്ക് വിവേചന രഹിതവും ന്യായവുമായ അനുമതി ചട്ടക്കൂടാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി. സ്റ്റാർലിങ്ക് ഉൾപ്പടെയുള്ള എല്ലാ കമ്പനികൾക്കും ഒരേ മാനദണ്ഡങ്ങളാണ് ബാധകമെന്നും മന്ത്രാലയം അറിയിച്ചു.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്കായി സ്റ്റാർലിങ്ക് ഉൾപ്പടെ മൂന്നു കമ്പനികൾക്ക് ഇന്ത്യ ഇതിനകം ജിഎംപിസിഎസ് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ഭാരതി ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂറ്റല്‍സാറ്റ് വണ്‍വെബും റിലയന്‍സ് ജിയോ പ്ലാറ്റ്ഫോംസിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സുമാണ് മറ്റ് രണ്ട് കമ്പനികള്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്‍റെ ആമസോണ്‍ ലിയോയും ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സിനായി നടപടികളിലാണ്.
ലൈസന്‍സ് ലഭിച്ച എല്ലാ കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപയോക്താക്കളുടെയും അവരുടെ വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സുരക്ഷാ പരിശോധന നടത്തുന്നത്. സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെ മൂന്ന് ലൈസന്‍സുള്ള കമ്പനികളുടെയും സുരക്ഷാ പരിശോധന നിലവില്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള ഘട്ടത്തിലേക്ക് കടക്കാനാകൂ. നിലവില്‍ മൂന്ന് കമ്പനികളും ഏതാണ്ട് ഒരേ നിയന്ത്രണ ഘട്ടത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം വൈകുന്നതിനി ഇന്ത്്യന്‍ ജനതയുടെ മേല്‍ തങ്ങളുടെ കുത്തക നിയന്ത്രണം നിലനിര്‍ത്തുന്നതിനായി ചിലര്‍ ഞങ്ങളെ തടയുകയാണെന്നായിരുന്നു എക്‌സിലെ മസ്‌കിന്‍റെ പ്രതികരണം. എന്നാല്‍ ഇന്ത്യയുടെ നിയന്ത്രണ സംവിധാനം വിവേചനപരമാണെന്ന വാദം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഒരു വര്‍ഷത്തിലേറെയായി സ്റ്റാര്‍ലിങ്കിന് ആവശ്യമായ ലൈസന്‍സുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതികള്‍ ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
മസ്‌കിന്‍റെ ആരോപണത്തിന് മണിക്കൂറുകള്‍ മുമ്പ്, ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ സ്റ്റാര്‍ലിങ്ക് പൂര്‍ണ സജ്ജമാണെന്ന് സ്‌പേസ്എക്‌സിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലോറന്‍ ഡ്രെയര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റ് നിയന്ത്രണങ്ങളും പരിഗണിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇതിനകം 20 ഗേറ്റ് വേ സൈറ്റുകളിലായി നൂറുകണക്കിന് ആന്‍റിനകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സേവനം നല്‍കാന്‍ സ്റ്റാര്‍ലിങ്ക് സജ്ജമാണെന്ന കമ്പനിയുടെ അവകാശവാദത്തിനിടെയാണ് കേന്ദ്രത്തിന്‍റെ പുതിയ വിശദീകരണം.