

ഇന്ത്യയിൽ വാട്സാപ്പ് അക്കൗണ്ടുകൾ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികൾ ഉയരുന്നത്. പ്രമുഖ ടെക് പ്ലാറ്റ്ഫോമുകളിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഇതിനകം നിരവധി പേർ തങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു കൊണ്ടു രംഗത്തെത്തി.
അക്കൗണ്ട് 24 മണിക്കൂർ നേരത്തേയ്ക്ക് മരവിപ്പിച്ചിരിക്കുന്നു (temporarily banned) എന്ന സന്ദേശമാണ് ബ്ലോക്ക് ചെയ്യപ്പെട്ട യൂസർമാർക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നത്. എന്ത് കാരണത്താലാണ് നടപടിയെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല. ഇത് പെട്ടെന്നുള്ള ഒരു നടപടിയായതിനാൽ ജോലി ആവശ്യങ്ങൾക്കും മറ്റും വാട്സാപ്പ് ഉപയോഗിക്കുന്നവർ വലിയ ബുദ്ധിമുട്ടിലാണ്. പലരും തങ്ങളുടെ അനുഭവങ്ങൾ എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്.
എന്നാൽ പ്രശ്നം വ്യാപകമായതോടെ വാട്സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്സാപ്പിന്‍റെ സുരക്ഷാ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ഓട്ടോമേറ്റഡ് സുരക്ഷാ
സംവിധാനങ്ങൾക്ക് ചിലപ്പോൾ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പരാതിപ്പെട്ടതിന് പിന്നാലെ ചിലർക്ക് അക്കൗണ്ടുകൾ തിരികെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ തിരികെ ലഭ്യമാക്കാനുള്ള നടപടികൾ വാട്സാപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.