

പാക്കിസ്ഥാന് വീണ്ടും സാമ്പത്തിക സഹായം നൽകി ഐഎംഎഫ്
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാക്കിസ്ഥാനു വീണ്ടും സാമ്പത്തിക സഹായം ലഭിച്ചു. എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരമാണ് ഏകദേശം 1.02 ഡോളര്‍ (8700 കോടി രൂപ) രണ്ടാം ഗഡുവായി പാക്കിസ്ഥാന് ഐഎംഎഫ് അനുവദിച്ചത്. പാക്കിസ്ഥാന്‍റെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് പാക്കിസ്ഥാന്‍ ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന് ഐഎംഎഫ് ഏഴ് ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കാന്‍ കരാറുണ്ടായിരുന്നു.
2024 സെപ്റ്റംബറില്‍ ആരംഭിച്ച വായ്പാ കരാറിലെ രണ്ടാം ഗഡുവാണ് ഇപ്പോള്‍ നല്‍കിയത്. ഈ മാസം 9ന് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിനു ശേഷമാണു പാക്കിസ്ഥാനു ഫണ്ട് അനുവദിച്ചത്.
പാക്കിസ്ഥാനു ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഈ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഐഎംഎഫില്‍നിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാന്‍ ഭീകരവാദത്തിന് ഉപയോഗിക്കുകയാണെന്ന കാരണമാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്.