
AI Iimage
സിയോൾ: പാറ്റയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ഫ്ലാറ്റിന് തീ പിടിച്ച് ഒരാൾ മരിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഒസാൻ നഗരത്തിലാണ് സംഭവം. നിരവധി പേർക്കാണ് തീ പിടിത്തത്തിൽ പൊള്ളലേറ്റിരിക്കുന്നത്. 20 വയസുള്ള യുവതിയാണ് സ്വന്തം അപ്പാർട്മെന്‍റിലെ പാറ്റകളെ നശിപ്പിക്കാനായി പ്രത്യേകതരം സ്പ്രേ ഉപയോഗിച്ചത്. തീ ആളിക്കത്തിക്കാൻ സഹായിക്കുന്ന സ്പ്രേ ആണ് ഉപയോഗിച്ചത്. അബദ്ധത്തിൽ വീട്ടുപകരണങ്ങൾക്ക് തീ പിടിച്ചതോടെയാണ് കാര്യങ്ങൾ കൈ വിട്ടു പോയത്. തീ പെട്ടെന്ന് തന്നെ കെട്ടിടം അപ്പാടെ തീ പടരുകയായിരുന്നു. അഞ്ചാം നിലയിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിച്ചിരുന്ന 30 വയസുള്ള ചൈനീസ് പൗരയാണ് അപകടത്തിൽ മരിച്ചത്.
രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇവർ ജനൽ വഴി അയൽക്കാരുടെ കൈയിലേക്ക് കൊടുത്തിരുന്നു. ഭർത്താവ് അപ്പാർട്മെന്‍റിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും യുവതിക്ക് രക്ഷപ്പെടാൻ ആയില്ല.
ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണക്കാരിയായ 20കാരിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.