

ഹെക്റ്റർ ബെല്ലോ ആൻഡ്രിയയ്ക്കും അലാനയക്കും ഒപ്പം
കാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിൽ പ്രമുഖ ഫുട്ബോൾ താരത്തിന്‍റെ ഭാര്യയും. മാർട്ടിമോ ഡി ലാ ഗ്വയർ ക്ലബിനു വേണ്ടി കളിക്കുന്ന ഹെക്റ്റർ ബെല്ലോയുടെ ഭാര്യ ആൻഡ്രിയ ബെല്ലോയാണ് മരിച്ചത്. ഒരു വയസു മാത്രമുള്ള മകൾ അലാനയെ സംരക്ഷിക്കുന്നതിനിടെയാണ് ആൻഡ്രിയ മരിച്ചത്. അലാനയെ രക്ഷപെടുത്തി. ഭാര്യ മരിച്ചതായി ഹെക്റ്റർ ബെല്ലോ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
മമ്മി, നിങ്ങളാണ് എല്ലായ്പ്പോഴും എന്‍റെ ഹീറോ. നീ എത്രയധികം അവളെ സ്നേഹിച്ചിരുന്നുവെന്നും എത്ര വലിയ വിസ്മയമായിരുന്നുവെന്നുമുള്ള കാര്യങ്ങൾ നമ്മുടെ കുഞ്ഞ് എന്നും ഓർമിക്കുമെന്നാണ് ഹെക്റ്റർ ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. നീ എങ്ങനെയാണ് അവളെ രക്ഷപെടുത്തിയതെന്ന്, നിന്‍റെ ജീവൻ തന്നെ അവൾക്കു നൽകിയതെന്ന്, എത്ര ധീരയായ സ്ത്രീയായിരുന്നുവെന്ന്, അവസാന ശ്വാസത്തിൽ പോലും അവളെ എങ്ങനെയാണ് ഉപേക്ഷിക്കാതിരുന്നതെന്ന് ഞാനവൾക്ക് പറഞ്ഞു കൊടുക്കുമെന്നും ഹെക്റ്റർ കുറിച്ചിട്ടുണ്ട്. ജൂലൈ 24നുണ്ടായ അതിശക്തമായ ഭൂചലനത്തിലാണ് ആൻഡ്രിയ കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി.
നിനക്കൊരിക്കലും നിന്‍റെ അച്ഛനെ ശക്തനായോ പഴയതു പോലെ ചിരിക്കുന്നതായി കാണാൻ സാധിച്ചെന്നു വരില്ല. പക്ഷേ ഇതെല്ലാം അതിജീവിച്ച് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയായി നിന്നെ മാറ്റുമെന്ന് ഞാൻ വാഗ്ദാനം നൽകുന്നു. എന്നോട് സംസാരിക്കാൻ ഒരു മിനിറ്റെങ്കിലും അവൾക്കു ലഭിച്ചിരുന്നെങ്കിൽ അവളെങ്ങനെ കുഞ്ഞിനെ സംരക്ഷിച്ചുവോ അതു പോലെ എന്‍റെ ജീവിതം കൊണ്ട് കുഞ്ഞിനെ സംരക്ഷിക്കണമെന്ന് അവൾ പറയുമായിരുന്നുവെന്നും ഹെക്റ്ററിന്‍റെ വികാരഭരിതമായ കുറിപ്പിലുണ്ട്.
വെനിസ്വേലയിൽ ഭൂകമ്പത്തിൽ 1430 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 68,900 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.