ജനങ്ങളെ ബുദ്ധിമുട്ടിക്കാനാഗ്രഹമില്ല, ഇറാനുമായി കരാറിലെത്താനാണ് ശ്രമം: ട്രംപ്

ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ലെന്നും ട്രംപ്
Trying to reach a deal with Iran: Trump

ഇറാനുമായി കരാറിലെത്താനാണ് ശ്രമം: ട്രംപ്

Updated on

വാഷിങ്ടൺ: 91 ദശലക്ഷം ജനങ്ങളെ സംഘർഷം ബാധിക്കാതെ ഇറാനുമായി കരാറിൽ എത്താനാണ് താൻ ശ്രമിക്കുന്നതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടൊപ്പം ട്രംപ് ഇറാനു നേരെ ഭീഷണി മുഴക്കാനും മറന്നില്ല.

ഇറാനുമായി ഒന്നുകിൽ കരാറിൽ എത്തുമെന്നും അല്ലെങ്കിൽ താൻ ഈ പണി അവസാനിപ്പിക്കുമെന്നുമുള്ള ഭീഷണിയാണ് ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ട്രംപ് നടത്തിയത്. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിൽ എത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

'നമ്മൾ എങ്ങനെയും വിജയിക്കാൻ പോകുകയാണ്. അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ ബാധിക്കാൻ എനിക്കു താൽപര്യമില്ലാത്തതു കൊണ്ട് ഒരു കരാറിൽ എത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നത്'. ഇറാനെ മണിക്കൂറുകൾ കൊണ്ട് നമുക്കു തകർക്കാൻ കഴിയുമെന്നു പറഞ്ഞ ട്രംപ് ഇറാനെതിരേയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണ വില വൻതോതിൽ കുറഞ്ഞതായും ട്രംപ് പറഞ്ഞു.

'സമാധാന കരാറിന്‍റെ ഭാഗമായുള്ള വിട്ടു വീഴ്ചകൾ ഇറാൻ പാലിക്കേണ്ടതുണ്ട്. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടമാക്കിയ യുറേനിയം നമുക്കു ലഭിക്കാൻ പോകുകയാ'ണെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com