

ലെബനോന് നേരെ നടക്കുന്ന ഏത് ആക്രമണത്തിനും തിരിച്ചടി നൽകുമെന്ന് ഇറാൻ
ടെഹ്റാൻ: ലെബനോനു നേരെ ഇസ്രയേൽ നടത്തുന്ന ഏതാക്രമണത്തിനും തിരിച്ചടി നൽകുമെന്ന് ഇറാൻ. ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിനു നേരെ ആക്രമണങ്ങൾ തുടർന്നാൽ അത് സമ്പൂർണമായ ഒരു യുദ്ധം വീണ്ടും ആരംഭിക്കുന്നതിന് കാരണമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ലെബനോന്‍റെ തലസ്ഥാനത്തിനു നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്കു നേരെ ഇറാൻ ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് തങ്ങൾ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്ത പ്രദേശങ്ങളെ ആക്രമിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തിയപ്പോൾ തന്നെ ഇറാൻ വളരെ ശക്തമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും തിരിച്ചടികൾക്കായി തങ്ങളുടെ സായുധ സേനയെ പൂർണ സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും ലെബനോനിലെ അൽ മയാദീൻ ടെലിവിഷൻ ചാനലിനോട് സംസാരിക്കവേ അരാഗ്ചി വ്യക്തമാക്കി.
ഇസ്രേയലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് അരാഗ്ചിയുടെ ഈ പ്രതികരണം. ഇറാനും അമെരിക്കയും തമ്മിലുള്ള ചർച്ചകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും എങ്കിലും ചർച്ചകളിൽ ഇതു വരെ വൻ രീതിയിലുള്ള പുരോഗതികളൊന്നും കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും കൈമാറിയ കരാറിന്‍റെ കരട് രേഖകൾ രണ്ടു വിഭാഗവും ഇപ്പോഴും വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം അമെരിക്ക മുന്നോട്ടു വച്ച ഏറ്റവും പുതിയ നിർദേശങ്ങൾ അടങ്ങിയ കരട് രേഖയ്ക്ക് ഇറാൻ ഇതുവരെ തങ്ങളുടെ ഔദ്യോഗിക മറുപടി സമർപ്പിച്ചിട്ടില്ലെന്ന് ഇറാന്‍റെ ചർച്ചാ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങൾ ഫാർസ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനങ്ങൾ ഒന്നും ഇതുവരെ എടുത്തിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥർ പറഞ്ഞു.