

കരാറിലേയ്ക്കു പോകുമ്പോഴും ഹോർമൂസിൽ ഉപരോധം കടുപ്പിച്ച് യുഎസ്
വാഷിങ്ടൺ/മനാമ: ഇറാനെതിരേയുള്ള സാമ്പത്തിക-സൈനിക സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഹോർമൂസ് കടലിടുക്കിൽ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം അതീവ കർശനമാക്കി അമെരിക്ക. കടലിടുക്കിലൂടെ കടന്നു പോകാൻ ശ്രമിച്ച 136 അന്താരാഷ്ട്ര കപ്പലുകൾ യുഎസ് സൈന്യം തടഞ്ഞ് തിരിച്ചു വിട്ടതായും നിർദേശം ലംഘിച്ച ഒൻപതു കപ്പലുകളെ പ്രവർത്തന രഹിതമാക്കിയതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
വാഷിങ്ടൺ പ്രഖ്യാപിച്ച ഉപരോധം പൂർണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ഈ കടുത്ത നടപടിയെന്ന് യുഎസ് സൈന്യം അറിയിച്ചു. ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് സെൻട്രൽ കമാൻഡ് ഈ നിർണായക വിവരം പുറത്തു വിട്ടത്.
“ഇറാനെതിരെയുള്ള ഉപരോധം ശക്തമായി നടപ്പിലാക്കുന്നതിനായി യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകളും വ്യോമസേനാ വിഭാഗങ്ങളും ഈ മേഖലയിലെ സമുദ്ര അതിർത്തികളിൽ നിരന്തരമായി പട്രോളിംഗ് തുടരുകയാണ്”എന്നാണ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തത്. യുഎസും ഇറാനും തമ്മിൽ ആണവ പദ്ധതികൾ നിർത്തലാക്കുന്നതിനെക്കുറിച്ചും വെടിനിർത്തലിനെക്കുറിച്ചും ജനീവയിലടക്കം ചർച്ചകൾ നടക്കുമെന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് കടലിൽ അമെരിക്ക ഉപരോധം കടുപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ യു.എസ് വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്‍റെ എണ്ണക്കയറ്റുമതിയും മറ്റ് വാണിജ്യ നീക്കങ്ങളും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ് നേവിയുടെ ഇപ്പോഴത്തെ ഈ അസാധാരണ നടപടി. ആഗോള എണ്ണ വിപണിയെയും പശ്ചിമേഷ്യയിലെ ചരക്കുഗതാഗതത്തെയും ഈ ഉപരോധം വരും ദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.