ഇറാനികൾക്ക് ഇന്‍റർനെറ്റ് നിഷേധിച്ചിട്ട് 70 ദിവസങ്ങൾ

പ്രതിസന്ധി അതിരൂക്ഷം
70 days since Iranians were denied internet

ഇറാനികൾക്ക് ഇന്‍റർനെറ്റ് നിഷേധിച്ചിട്ട് 70 ദിവസങ്ങൾ

Updated on

ടെഹ്റാൻ: ഇറാനിൽ ഭരണകൂടം ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനം 70 ദിവസങ്ങളെത്തിയതായി നിരീക്ഷണ സംഘടനയായ ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധഭീതിയുടെ നിഴലിൽ കഴിയുന്ന രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് പുറം ലോകവുമായുള്ള പ്രധാന ആശയവിനിമയ മാർഗങ്ങളാണ് ഇതോടെ തടസപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച പുറത്തു വിട്ട കണക്കുകൾ പ്രകാരം ഏകദേശം 1,656 മണിക്കൂറിലധികമായി ഇറാനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിശ്ചലമാണ്. ടെഹ്റാനെ ലക്ഷ്യമാക്കി അമെരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയെ സംഘർഷ ഭരിതമാക്കിയതിനു പിന്നാലെയാണ് രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്രതിസന്ധി ഘട്ടങ്ങളിൽ ഡിജിറ്റൽ ആശയവിനിമയം അത്യന്താപേക്ഷിതമാണെന്നും ഇന്‍റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തുന്നത് ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ, ചെറുകിട വ്യാപാരികൾ, സാധാരണക്കാർ എന്നിവരെ സാരമായി ബാധിക്കുമെന്നും നെറ്റ് ബ്ലോക്ക്സ് എക്സിലൂടെ വ്യക്തമാക്കി.

ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും നടന്ന ഈ വർഷാദ്യത്തിലും ഖമെയ്നി ഭരണകൂടം സമാനമായ രീതിയിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചിരുന്നു. അന്ന് സുരക്ഷാ സേന നടത്തിയ വ്യാപകമായ അതിക്രമങ്ങൾ യുദ്ധക്കളത്തിനു സമാനമായിരുന്നു എന്ന് മനുഷ്യാവകാശ പ്രവർത്തകരെയും സാക്ഷികളെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കും ഇടയിൽ കഴിയുന്ന ഇറാൻ ജനതയ്ക്ക്മേൽ ഭരണകൂടം അടിച്ചേൽപ്പിച്ചിരിക്കുന്ന ഇന്‍റർനെറ്റ് നിരോധനം ഇരട്ടി പ്രഹരമാണ് നൽകുന്നത്.

നിലനിൽപ്പിനായി പൊരുതുന്ന ജനങ്ങളുടെ അവസാന ആശ്രയവും ഇതോടെ ഇല്ലാതായി. വിദേശരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളെയും ദൈനംദിന ജീവിതത്തെയും ഈ ബ്ലാക്ക് ഔട്ട് പൂർണ്ണമായും സ്തംഭിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com