

അമെരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകും-ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്
ടെഹ്റാൻ: യുഎസ് വ്യോമാക്രമണങ്ങൾക്ക് രാജ്യം ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ യാതൊരു വിധ സമാധാന ചർച്ചകൾക്കും പദ്ധതിയില്ലെന്നും ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് വ്യക്തമാക്കി. ബുധനാഴ്ച ഇറാനിയൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തിന്‍റെ നയം വ്യക്തമാക്കിയത്.
നിലവിൽ ചർച്ചകൾക്കൊന്നും തങ്ങൾ തയാറല്ലെന്നും രാജ്യത്തിന്‍റെ പ്രതിരോധത്തിലാണ് ഇപ്പോൾ പൂർണ ശ്രദ്ധയെന്നും ടെഹ്റാനിൽ നടന്ന ഒരു അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇറാനിയൻ മാധ്യമമായ എസ്എൻഎൻ ആണ് ഈ പ്രതികരണം പുറത്തു വിട്ടത്.
അമെരിക്ക അവരുടെ ബാധ്യതകൾ ലംഘിക്കുകയാണെങ്കിൽ ഒരു കരാറും അനുസരിക്കാൻ ഇറാൻ തയാറാകില്ലെന്ന് ബഗായ് വ്യക്തമാക്കി. ഇത് തങ്ങളുടെ അടിസ്ഥാന നയമാണെന്നും അത് തുടർന്നും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാർ ആരംഭിച്ചതു മുതൽ അമെരിക്ക അതിനെ പൂർണമായും അവഗണിക്കുകയായിരുന്നു എന്നാണ് ഇറാൻ വിശ്വസിക്കുന്നത്.
വിദേശകാര്യ വക്താവിന്‍റെ ഈ പ്രതികരണം പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഹെംഗാം ദ്വീപിൽ അമെരിക്കൻ വ്യോമസേന വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇറാനിലെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.